‘നാഷണല്‍ ഹെറാള്‍ഡ്’ ഡല്‍ഹി കെട്ടിടം ഏറ്റെടുക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍; രാഷ്ട്രീയ പ്രേരിത നീക്കമെന്ന് കോണ്‍ഗ്രസ്
രാഷ്ട്രീയ പ്രേരിതവും പക്ഷപാതപരവുമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് പത്രം ‘നാഷണല്‍ ഹെറാള്‍ഡി’ന്‍റെ ഡല്‍ഹി എഡിഷന്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം എറ്റെടുക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ‘ഹെറാള്‍ഡ് ഹൗസ്’ എന്ന പേരില്‍ ഡല്‍ഹിയിലുള്ള കെട്ടിടം ഉപയോഗിക്കുന്നത് പത്രം പ്രിന്‍റ് ചെയ്യാനല്ലെന്നാണ് കേന്ദ്രം ആരോപിക്കുന്നത്. സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ഡല്‍ഹി ഐ.ടി.ഒയിലാണ് ഹെറാള്‍ഡ് ഹൗസ് സ്ഥിതി ചെയ്യുന്നത്. കെട്ടിടം നല്‍കിയപ്പോള്‍ മുന്നോട്ട് വച്ചിരുന്ന മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി ലംഘിച്ചെന്നാണ് സര്‍ക്കാര്‍ നിലപാട്. പത്രത്തിനായി കുറഞ്ഞ വിലക്കാണ് കെട്ടിടം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പത്രം കെട്ടിടത്തില്‍ അച്ചടിക്കുന്നില്ല. മറ്റു ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കുകയാണ്. കെട്ടിടം ദുരുപയോഗം ചെയ്യുന്നതായും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു.
കെട്ടിടത്തില്‍ പരിശോധനക്കെത്തിയ സംഘം അനധികൃത നിര്‍മ്മാണം പുരോഗമിക്കുന്നത് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം നടപടികള്‍ തടയേണ്ടത് അനിവാര്യമാണെന്നും അല്ലാത്തപക്ഷം തെറ്റായ മാതൃക നല്‍കുമെന്നുമാണ് കേന്ദ്ര നിലപാട്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം ‘നാഷണല്‍ ഹെറാള്‍ഡി’ന് നോട്ടീസ് അയച്ചതായാണ് സൂചന.
രാഷ്ട്രീയ പ്രേരിതവും പക്ഷപാതപരവുമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു.
‘നാഷണല്‍ ഹെറാള്‍ഡ്’ പത്രത്തിന്റെ അച്ചടിക്കായി 1950ലാണ് ഈ സ്ഥലം അനുവദിച്ചത്.