അസീമിന്റെ കൊല: ഡല്‍ഹി സര്‍ക്കാര്‍ 5 ലക്ഷം രൂപയും പിതാവിന് സര്‍ക്കാര്‍ ജോലിയും നല്‍കും

കൊലപാതക ശേഷം മദ്‌റസക്ക് സമീപത്തെ തീവ്ര ഹിന്ദുവിഭാഗങ്ങളില്‍ നിന്ന് ഭീഷണി നേരിടുന്ന മുസ്‌ലിംകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

Update: 2018-11-01 15:36 GMT
Advertising

ദക്ഷിണ ഡല്‍ഹിയിലെ മാളവ്യനഗറില്‍ വിദ്വേഷക്കൊലക്കിരയായ ഏഴ് വയസുകാരന്‍ മുഹമ്മദ് അസീമിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരവും പിതാവിന് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. എ.എ.പി എം.എല്‍.എയും ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുല്ലാ ഖാന്‍ ആണ് സഹായം പ്രഖ്യാപിച്ചത്.

സമസ്തയുടെ പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയും അസീമിന്റെ ബന്ധുക്കളും എ.എ.പി സര്‍ക്കാര്‍ പ്രതിനിധികളുമായും പൊലിസുമായും നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടത്. ഇതുപ്രകാരം അസീമിന്റെ പിതാവ് ഖലീലിന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് പ്രതിമാസം 16,000 രൂപയും അലവന്‍സും ലഭിക്കുന്ന ജോലി നല്‍കാന്‍ തീരുമാനമായി. കുടുംബത്തിന് ഡല്‍ഹിയില്‍ തന്നെ മാന്യമായി താമസസൗകര്യം ഒരുക്കും.

കുടുംബത്തിന്റെ പ്രധാന ആവശ്യമായ തുടര്‍ നിയമ സഹായം വഖ്ഫ് ബോര്‍ഡ് നല്‍കും. കൊലപാതകക്കേസില്‍ 10നും 12നും ഇടക്ക് പ്രായമുള്ള 4 കുട്ടികളാണ് പിടിയിലായത്. എന്നാല്‍, ഇവരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച മുതിര്‍ന്നവരായ ഗൂഢാലോചനക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ചര്‍ച്ചയില്‍ തീരുമാനമായി. ഇതുപ്രകാരം കേസന്വേഷണപരിധിയില്‍ ഗൂഢാലോചനയും ഉള്‍പ്പെടുത്തും.

കൊലപാതകം നടന്ന ശേഷം ഡല്‍ഹി മാളവ്യനഗറില്‍ സ്ഥിതിചെയ്യുന്ന മദ്‌റസക്ക് സമീപത്തെ തീവ്ര ഹിന്ദുവിഭാഗങ്ങളില്‍ നിന്ന് ഭീഷണി നേരിടുന്ന മുസ്‌ലിംകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

മാളവ്യനഗറിലെ ബീഗംപൂരില്‍ കഴിഞ്ഞമാസം 25നാണ് അസീം കൊല്ലപ്പെട്ടത്. പ്രദേശത്തെ ജാമിഅ ഫരീദിയ്യ ജുമാ മസ്ജിദില്‍ ഖുര്‍ആന്‍ മന:പാഠം പഠിക്കുന്ന അസീമിനെ മദ്‌റസയുടെ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ കുട്ടിക്കുറ്റവാളികള്‍ അടിച്ചും കല്ലെറിഞ്ഞും കൊല്ലുകയായിരുന്നു. മദ്‌റസയോട് ചേര്‍ന്നുള്ള വാല്‍മീകി ക്യാമ്പിലെ 4 കുട്ടികളാണ് പിടിയിലായവര്‍.

Tags:    

Similar News