വ്യാപാരം സുഗമമായി നടത്താന്‍ സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 77ാമത്

വ്യാപാരം സുഗമമായി നടത്താന്‍ സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 23 സ്ഥാനങ്ങള്‍ കടന്നാണ് ഇന്ത്യ ഇത്തവണ 77ാം സ്ഥാനത്തെത്തിയത്.

Update: 2018-11-01 02:24 GMT
Advertising

വ്യാപാരം സുഗമമായി നടത്താന്‍ സാഹചര്യമുള്ള ലോകബാങ്കിന്റെ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലേക്ക്. നൂറാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഈ വര്‍ഷം 77ആം റാങ്കിലെത്തി. ആകെ 190 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്.

വ്യാപാരം സുഗമമായി നടത്താന്‍ സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 23 സ്ഥാനങ്ങള്‍ കടന്നാണ് ഇന്ത്യ ഇത്തവണ 77ാം സ്ഥാനത്തെത്തിയത്. 30 സ്ഥാനങ്ങള്‍ മറികടന്നായിരുന്നു കഴിഞ്ഞ വര്‍ഷം 100ല്‍ എത്തിയത്. ഒരു രാജ്യത്ത് വ്യാപാരം ആരംഭിക്കുന്നതിനും തുടരുന്നതിനുമുള്ള 10 ഘടകങ്ങളാണ് റാങ്കിങിന്റെ മാനദണ്ഡം. ഇതില്‍ ആറിലും ഇന്ത്യ മികവ് പുലര്‍ത്തി എന്നാണ് ലോക ബാങ്കിന്റെ കണ്ടെത്തല്‍. നിര്‍മ്മാണാനുമതി, വൈദ്യുതി - വായ്പ തുടങ്ങിയവ ലഭ്യമാക്കല്‍, നികുതി അടക്കല്‍ തുടങ്ങിയവയിലെ മാത്രമാണ് ഇന്ത്യയെ മുന്നിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക പരിഷ്കാരങ്ങളോടുള്ള പ്രതിബന്ധതതയില്‍ അചഞ്ചലരായി തുടരുന്നതാണ് മികച്ച വ്യാപാര സാഹചര്യം ഉറപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അധികാരത്തിലേറിയപ്പോള്‍ 50നകത്ത് ഇന്ത്യയെത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നതായും ആ വാക്ക് പാലിക്കാനാണ് ശ്രമമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി പ്രതികരിച്ചു. ന്യൂസിലാന്റാണ് പട്ടികയില്‍ ഒന്നാമത്. സിംഗപ്പൂര്‍, ഡെന്‍മാര്‍ക്ക്, ഹോങ്കോങ് എന്നിവയാണ് തൊട്ട് പിന്നിലുള്ള രാജ്യങ്ങള്‍. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഇന്ത്യ 142ാം സ്ഥാനത്തായിരുന്നു.

Tags:    

Similar News