എ.ബി.വി.പി ഭീഷണി, ഗുജറാത്തില്‍ പഠിപ്പിക്കാനില്ലെന്ന് രാമചന്ദ്ര ഗുഹ

കാര്യങ്ങള്‍ എന്റെ നിയന്ത്രണത്തിലില്ലാത്തതിനാല്‍ അഹമ്മദാബാദ് സര്‍വ്വകലാശാലയില്‍ ചേരുന്നില്ലെന്നാണ് രാമചന്ദ്രഗുഹ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Update: 2018-11-02 08:06 GMT
Advertising

അധ്യാപകനാകാനുള്ള അഹമ്മദാബാദ് സര്‍വകലാശാലയുടെ ക്ഷണം എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ നിരസിച്ചു. രാമചന്ദ്ര ഗുഹയെ നിയമിക്കാനുള്ള അഹമ്മദാബാദ് സര്‍വ്വകലാശാലയുടെ നീക്കത്തിനെതിരെ എ.ബി.വി.പി ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കാര്യങ്ങള്‍ എന്റെ നിയന്ത്രണത്തിലില്ലാത്തതിനാല്‍ അഹമ്മദാബാദ് സര്‍വ്വകലാശാലയില്‍ ചേരുന്നില്ലെന്നാണ് രാമചന്ദ്രഗുഹ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ 16നാണ് ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ചെയര്‍ പ്രൊഫസറായി രാമചന്ദ്ര ഗുഹ ചുമതലയേല്‍ക്കുമെന്ന് അഹമ്മദാബാദ് സര്‍വ്വകലാശാല അറിയിക്കുന്നത്. സര്‍വ്വകലാശാലയുടെ തീരുമാനം അറിഞ്ഞതിന് പിന്നാലെ ഒക്ടോബര്‍ 19 മുതല്‍ അഹമ്മദാബാദ് സര്‍വ്വകലാശാലയില്‍ എ.ബി.വി.പി പ്രതിഷേധം ആരംഭിച്ചു.

അഹമ്മദാബാദ് സര്‍വ്വകലാശാല രജിസ്ട്രാര്‍ ബി.എം ഷാക്ക് രാമചന്ദ്ര ഗുഹയുടെ നിയമനത്തില്‍ പ്രതിഷേധിച്ച് എ.ബി.വി.പി നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രാമചന്ദ്രഗുഹയെ പോലുള്ള ദേശദ്രോഹികളെ ആവശ്യമില്ലെന്നായിരുന്നു എ.ബി.വി.പിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്. കമ്യൂണിസ്റ്റുകാരനായ ഗുഹ അഹമ്മദാബാദ് സര്‍വകലാശാലയിലെത്തിയാല്‍ ഇതൊരു ജെ.എന്‍.യു മാതൃതയിലുള്ള 'ദേശ ദ്രോഹ കേന്ദ്രമായി' മാറുമെന്നും എ.ബി.വി.പി അഹമ്മദാബാദ് സെക്രട്ടറി പ്രവീണ്‍ ദേശായി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് അഹമ്മദാബാദ് സര്‍വകലാശാലയുടെ ക്ഷണം നിരസിക്കാനുള്ള തീരുമാനം രാചന്ദ്രഗുഹ അറിയിച്ചത്.

'കാര്യങ്ങള്‍ എന്റെ നിയന്ത്രണത്തിലല്ലാത്തതിനാല്‍ അഹമ്മദാബാദ് സര്‍വ്വകലാശാലയുടെ ക്ഷണം നിരസിക്കും. അഹമ്മദാബാദ് സര്‍വ്വകലാശാലക്ക് എല്ലാ ഭാവുകങ്ങളും. മികച്ച അധ്യാപകരും വളരെ മികച്ച വൈസ് ചാന്‍സലറും അവര്‍ക്കുണ്ട്. ഒരിക്കല്‍ കൂടി ഗാന്ധിയുടെ ആത്മാവ് ഗുജറാത്തിലേക്ക് തിരികെയെത്തുമെന്ന് പ്രത്യാശിക്കുന്നു' എന്നായിരുന്നു രാമചന്ദ്ര ഗുഹയുടെ ട്വീറ്റ്.

രാമചന്ദ്ര ഗുഹയുടെ നിയമനം തടയാന്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദവും സര്‍വ്വകലാശാലക്ക് മുകളിലുണ്ടായിരുന്നുവെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. രാമചന്ദ്ര ഗുഹയുടെ തീരുമാനത്തെക്കുറിച്ചുള്ള അഹമ്മദാബാദ് സര്‍വ്വകലാശാല അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Tags:    

Similar News