‘രാത്രി സ്ത്രീകളില്‍ നിന്നും പണം വാങ്ങാറില്ല; നിങ്ങളെ വീട്ടിലെത്തിക്കുകയാണ് മുഖ്യം’ സോഷ്യല്‍ മീഡിയയില്‍ താരമായി ഈ ഓട്ടോ ഡ്രൈവര്‍
കരുതലോടെ സ്ത്രീകള്‍ക്ക് സഹായം ചെയ്യുന്ന നല്ല മനുഷ്യരും കൂടി ഇവിടെയുണ്ടെന്നാണ് ഡല്‍ഹിയില്‍ നടന്ന ഈ സംഭവം പറയുന്നത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത് രാത്രി യാത്രകള്‍ സ്ത്രീകളെ സംബന്ധിച്ച് വലിയൊരു തലവേദനയായി മാറുകയാണ്. അതും രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് തന്നെ നിരവധി അതിക്രമങ്ങളുടെ വാര്‍ത്തകളാണ് ദിനേനയെന്നോണം പുറത്ത് വരുന്നത്. എന്നിരുന്നാലും കരുതലോടെ സ്ത്രീകള്‍ക്ക് സഹായം ചെയ്യുന്ന നല്ല മനുഷ്യരും കൂടി ഇവിടെയുണ്ടെന്നാണ് ഡല്‍ഹിയില്‍ നടന്ന ഈ സംഭവം പറയുന്നത്.
കൊല്‍ക്കത്ത സ്വദേശിനിയായ നേഹ ദാസിന്റേതാണ് അനുഭവം. രാത്രി ഒറ്റക്ക് യാത്ര ചെയ്ത തന്റെ കയ്യില്‍ നിന്നും പണം വാങ്ങാന്‍ വിസമ്മതിച്ച ഒരു ഓട്ടോ ഡ്രൈവറെക്കുറിച്ചാണ് നേഹയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഓഫീസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അര്‍ധരാത്രി ആയിരുന്നു. ഓട്ടോ കാത്ത് നില്‍ക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ ഓട്ടോ അതിലൂടെ വന്നത്. ചാര്‍ജ് എത്രയാണെന്ന് അന്വേഷിച്ചപ്പോള്‍ രാത്രി സ്ത്രീകളില്‍ നിന്നും പണം വാങ്ങാറില്ലെന്നും, നിങ്ങളെ വീട്ടിലെത്തിക്കുകയാണ് മുഖ്യമെന്നുമായിരുന്നു മറുപടി. ആദ്യം അവിശ്വസനീയമായി തോന്നി. എന്നാല്‍ അദ്ദേഹം സുരക്ഷിതമായി തന്നെ വീട്ടിലെത്തിച്ചു. ഒടുവില്‍ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി പണം വാങ്ങിയെങ്കിലും, രാത്രിയിലെ അധിക ചാര്‍ജോ താന്‍ അധികമായി നല്‍കാന്‍ ശ്രമിച്ച പണമോ വാങ്ങാന്‍ തയ്യാറായില്ലെന്നും നേഹ പറയുന്നു.
പ്രവീണ്‍ രാജന്‍ എന്ന് പരിചയപ്പെടുത്തി ഓട്ടോ ഡ്രൈവറുടെ ഫോട്ടോയും നേഹ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഈ ഓട്ടോ ചേട്ടന്‍.