അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് അലോക് വര്‍മ്മ
അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെ ഉന്നയിച്ച ആരോപണങ്ങളാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പരിശോധിക്കുന്നത്.
നിര്‍ബന്ധിത അവധിയില്‍ തുടരുന്ന സി.ബി.ഐ മേധാവി അലോക് വര്‍മ്മ തനിക്കെതിരായ അഴിമതി ആരോപണം തള്ളി. കേസ് അന്വേഷണങ്ങള്‍ക്ക് വേണ്ടിയുള്ള അനിവാര്യ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന് അലോക് വര്‍മ്മ മൊഴി നല്‍കി.
അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെ ഉന്നയിച്ച ആരോപണങ്ങളാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പരിശോധിക്കുന്നത്. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ റെയില്‍വേ ഹോട്ടല്‍ അഴിമതി, കോണ്‍ഗ്രസ്സ് നേതാവ് ചിദംബരത്തിനെതിരായ എെ.എന്‍.എക്സ് മീഡിയാ കേസ് തുടങ്ങി സുപ്രധാന കേസുകളിലെ അന്വേഷണത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു, ഉദ്യോഗസ്ഥരെ നിരന്തര വേട്ടയാടി അന്വേഷണം തടസ്സപ്പെടുത്തി തുടങ്ങി ഗുരുതര ആരോപണങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് അലോക് വര്‍മ്മയുടെ മറുപടി. അന്വേഷണങ്ങള്‍ക്ക് ഉചിതമല്ലാത്ത ഒരു നടപടിയും കൈകൊണ്ടിട്ടില്ലെന്നും വര്‍മ്മ, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അലോക് വര്‍മ്മക്കെതിരായ അന്വേഷണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.വി.സി കെ.വി ചൌധരിക്ക് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. അസ്താനയുടെ പരാതിയിൽ പരാമർശിക്കപ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സി.വി.സി ചോദ്യം ചെയ്തിരുന്നു.