അധികാര ദുര്‍വിനിയോഗ ആരോപണം: മിസോറാം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും

ഇലക്ടറല്‍ ഓഫീസറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശശാങ്കിനെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

Update: 2018-11-08 02:24 GMT
Advertising

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപണമുയര്‍ന്ന മിസോറാമിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എസ്.ബി ശശാങ്ക് ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. ഇലക്ടറല്‍ ഓഫീസറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശശാങ്കിനെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. യങ് മിസോ അസോസിയേഷനും മറ്റ് സന്നദ്ധ സംഘടനകളും ആരംഭിച്ച സമരം താത്ക്കാലികമായി അവസാനിപ്പിച്ചു.

ത്രിപുരയിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബ്രു സമുദായക്കാര്‍ക്ക് അവിടെത്തന്നെ വോട്ട് രേഖപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കാനുള്ള എസ്.ബി ശശാങ്കിന്റെ തീരുമാനമാണ് വിവാദമായത്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാണിച്ചെന്ന് ആരോപിച്ച് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്ഥലം മാറ്റി. ഇതോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യങ് മിസോ അസോസിയേഷന്‍ പ്രതിഷേധം ശക്തമാക്കിയത് . പ്രതിഷേധം ശക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ഇന്നലെ സമരക്കാരുമായി ചര്‍ച്ച നടത്തി.

രണ്ട് വിഭാഗത്തിന്റെയും വാദം കേട്ട ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അന്തിമ തീരുമാനം അതിന് ശേഷമാകുമെന്നും കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു. എസ്.ബി ശശാങ്കിനെ കൂടിക്കാഴ്ചക്കായി ഇന്ന് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. കൂടിക്കാഴ്ചക്ക് ശേഷം തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി.

ബിജെപിക്ക് നേട്ടമുണ്ടാക്കാനാണ് ശശാങ്കിനെ നീക്കുന്നതെന്നാണ് കോണ്‍‌ഗ്രസ് ആരോപണം. വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് 1997ല്‍ മിസോറാമില്‍ നിന്ന് പലായനം ചെയ്തവരാണ് ബ്രു സമുദായത്തിലുള്ളവര്‍. 700 ലധികം ബ്രു സമുദായക്കാര്‍ക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്.

Tags:    

Similar News