‘കരുതല്‍ ധന’ത്തില്‍ കരുതല്‍ വേണം

ബാങ്കിന്റെ കരുതൽ ധനത്തിൽ പ്രതീക്ഷ വെക്കുന്നതിനേക്കാൾ, സ്വന്തം നിലക്ക് വരുമാനം വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ടെന്നാണ് ആർ.ബി.എെയുടെ നിലപാട്.

Update: 2018-11-10 04:48 GMT
Advertising

റിസർവ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് മൂന്നര ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന വാർത്ത ഈയിടെ പുറത്ത് വരികയുണ്ടായി. അടിയന്തര സാഹചര്യങ്ങളില്‍ ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ ഇടപെടാനുള്ള ആര്‍.ബി.ഐയുടെ ശേഷിയുമായി ബന്ധപ്പെട്ടുള്ള കരുതൽ ധനം, പക്ഷേ സർക്കാർ പദ്ധതികൾക്കായി നൽകാനാവില്ലെന്ന മറുപടിയാണ് റിസർവ് ബാങ്ക് ഇതിന് നല്‍കിയത്.

എന്തിനാണ് റിസർവ് ബാങ്കിന്റെ പക്കൽ ഇത്രയധികം പണം? എന്ത് കൊണ്ടത് രാജ്യത്തിന്റെ ക്ഷേമ പദ്ധതികൾക്കായി ഉപയോഗിച്ചു കൂട? ആർ.ബി.എെയുടെ പക്കലുള്ള കരുതൽ ധനം ഇത്തരത്തിൽ വെറുതെ ചെലവഴിച്ച് കളയാനുള്ളതല്ല. മറിച്ച്, സാമ്പത്തിക രംഗത്തെ അപ്രതീക്ഷിതമായ സാഹചര്യം മറികടക്കുന്നതിനാണ് കരുതൽ ധനം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ സൂചകമാണ് കരുതൽ ധനം. നിലവിൽ 9.59 ലക്ഷം കോടി രൂപയാണ് ആർ.ബി.എെയുടെ കരുതൽ ധനമായുള്ളത്. ആർ.ബി.എെയുടെ സ്വന്തം ട്രഷറിയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്കാണ് കരുതൽ ധനമായി ഉപയോഗിക്കുന്നത്.

സ്വർണം-കറൻസി വിപണിയിലെ ഇടപാടുകളും, വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പകളിലൂടെ ലഭിക്കുന്ന പലിശയുമൊക്കെയാണ് ആർ.ബി.എെയുടെ പ്രധാന വരുമാന മാർഗം. നിലവിൽ ആർ.ബി.എെയുടേതായുള്ള 9.59 ലക്ഷം കോടി രൂപയിൽ, 6.91 ലക്ഷം കോടി മൂലധന നിർണയ ഫണ്ടിലും ശേഷിക്കുന്ന തുക അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള ഫണ്ടിലുമാണ് ഉള്ളത്.

നോട്ടു നിരോധനത്തിന് മുമ്പ് 2015-16ൽ 65,876 കോടി രൂപ ഗവണ്‍മെന്റിന് ലാഭ വിഹിതമായി ആർ.ബി.എെ നൽകുകയുണ്ടായി. എന്നാൽ, തൊട്ടടുത്ത വർഷം അത് 30,659 കോടിയായി കുറഞ്ഞു. നോട്ട് നിരോധനത്തെ തുടർന്ന് പുതിയ നോട്ടുകൾ അച്ചടിക്കാനായി വന്ന ചെലവാണ് ലാഭവിഹിതത്തിൽ ഇടിവ് വരാനുള്ള കാരണമായി ആർ‌.ബി.എെ ചൂണ്ടിക്കാട്ടുന്നത്.

കരുതൽ ധനത്തിൽ നിന്ന് സർക്കാറിന് നൽകുന്നത് സാമ്പത്തിക രംഗത്ത് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. വർധിച്ചു വരുന്ന ധനക്കമ്മി നിയന്ത്രിക്കാന്‍ കരുതൽ ധനശേഖരം ഉപയോഗിക്കുന്നതിനും ആർ.ബി.എെ ചുവപ്പ് കൊടി കാണിച്ചിരിക്കുകയാണ്. കരുതൽ ധനം ഗവൺമെന്റുകൾക്ക് നൽകിയാൽ അത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് ആർ.ബി.എെ കരുതുന്നുണ്ട്. താൽകാലിക പരിഹാരങ്ങൾക്കായി ഇവ ഉപയോഗിക്കുന്നത് പക്ഷേ, സാമ്പത്തിക രംഗത്ത് ദൂരവ്യാപക പ്രതിസന്ധി ഉണ്ടാക്കാൻ ഇടവരുത്തും. റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ പ്രതീക്ഷ വെക്കുന്നതിനേക്കാൾ, സ്വന്തം നിലക്ക് വരുമാനം വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ടെന്നാണ് ആർ.ബി.എെയുടെ നിലപാട്.

Tags:    

Similar News