മധ്യപ്രദേശ് പിടിക്കാന്‍ കര്‍ഷകര്‍ക്കൊപ്പം കൂടി കോണ്‍ഗ്രസ്
കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ തെരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗങ്ങള്‍ പൂര്‍ണമായും കാര്‍ഷിക മേഖലയില്‍ ഊന്നിയായിരുന്നു
കര്‍ഷകരും കാര്‍ഷിക പ്രതിസന്ധിയുമാണ് മധ്യപ്രദേശില്‍ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച. ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയിലൂന്നിയ പ്രചാരണത്തിന് കാര്‍ഷിക പ്രശ്നങ്ങളും അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് മറുപടി പറയുന്നത്.
ഏത് തെരഞ്ഞടുപ്പ് കാലത്തും കാര്‍ഷിക പ്രശ്നങ്ങള്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ആയുധങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ തെരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗങ്ങള്‍ പൂര്‍ണമായും കാര്‍ഷിക മേഖലയില്‍ ഊന്നിയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ ഒന്നടങ്കം കാര്‍ഷിക പ്രശ്നങ്ങള്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും അതേ നിലപാട് തന്നെയാണ് ശിവ് രാജ് സിഹ് ചൌഹാനുമുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബി.ജെ.പി അത് ചെയ്തില്ലെന്ന് മാത്രമല്ല കര്‍ഷകരെ ദ്രോഹിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുക കൂടി ചെയ്തുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മന്ദ്സോര്‍ കൂട്ടക്കൊലയെ സൂചിപ്പിച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം. ഇത്തവണ അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പ്,,
ദിവസങ്ങള്‍ പിന്നിട്ടിട്ടും രാഹുല്‍ ഗാന്ധിയുടെ ഈ പ്രഖ്യാപനത്തിന് ബി.ജെ.പി മറുപടി പറഞ്ഞിട്ടില്ല. ഇതേ പ്രസംഗത്തില്‍ ശിവരാജ് സിംഹ് ചൌഹാന്റെ മകന്‍ പാനമ അഴിമതിയില്‍ ആരോപണ വിധേയനാണ് എന്ന് പറഞ്ഞത് മാത്രമാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ഇത് തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞുപോയതാണെന്ന് പിന്നീട് രാഹുല്‍ ഗാന്ധി തിരുത്തി. എങ്കിലും തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി കോണ്‍ഗ്രസ് തെറ്റായ ധാരണകള്‍ ജനങ്ങളിലെത്തിക്കുന്നുവെന്ന് ആരോപിച്ച് നിയമ നടപടികളിലേക്ക് നീങ്ങാനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. വ്യാപം അഴിമതിയും ഉജ്ജയിന്‍ കുംഭമേളയിലെ സാമ്പത്തിക ക്രമക്കേടുകളും മന്ദ്സോര്‍ കൂട്ടക്കൊലയും ഉള്‍പ്പെടെയുളളവ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭാവി നിര്‍ണയിക്കാന്‍ പോന്നവയാണ്.