ബി.ജെ.പി അപകടകാരിയാണോ? മറുപടിയില്‍ നിലപാട് വ്യക്തമാക്കി രജനികാന്ത്
രാഷ്ട്രീയത്തില്‍ പൂര്‍ണമായും ഇറങ്ങിയാല്‍ മാത്രമെ രാഷ്ട്രീയം പറയുകയുള്ളു എന്നായിരുന്നു ആദ്യനിലപാടെങ്കിലും ഇതിലും മാറ്റമുണ്ടായി
ബി.ജെ.പി അപകടകാരിയായി മാറുന്നത് പ്രതിപക്ഷത്തിനാണെന്ന് തമിഴ് നടന്‍ രജനീകാന്ത്. മഹാസഖ്യം പിറക്കുമ്പോള്‍, ബലവാന്‍ നരേന്ദ്രമോദി തന്നെയാണെന്നും രജനി ചെന്നൈയില് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി പക്ഷത്തേക്ക് രജനി മാറുകയാണെന്ന സൂചന നല്‍കുന്നതാണ് ഇന്നത്തെ വാര്‍ത്തസമ്മേളനം.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നോട്ട് നിരോധനം പാളിയെന്നായിരുന്നു രജനി പറഞ്ഞത്. മഹാസഖ്യം ഉണ്ടാകുമ്പോള്‍, ബി.ജെ.പി അപകടകാരിയെന്നുതന്നെ ചിന്തിക്കേണ്ടിവരുമെന്നും രജനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇന്ന് കാര്യങ്ങളില്‍ മുഴുവന്‍ മാറ്റം വന്നു. പ്രതിപക്ഷത്തിനു മാത്രമാണ് ബി.ജെ.പി അപകടകാരിയെന്നും ഒരു വ്യക്തിക്കെതിരെ പത്തുപേര്‍ ചേര്‍ന്ന് യുദ്ധം പ്രഖ്യാപിക്കുമ്പോള്‍, ബലവാന്‍ അയാള്‍ മാത്രമാണെന്നും രജനി പറഞ്ഞു.
രാഷ്ട്രീയ പ്രവേശത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ, ബി.ജെ.പിയോട് അനുകൂല നിലപാടാണ് രജനി സ്വീകരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്നു മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രത്യക്ഷമായി തന്നെ ബി.ജെ.പിക്ക് അനുകൂല നിലപാട് സ്വീകരിച്ചു. രാഷ്ട്രീയത്തില്‍ പൂര്‍ണമായും ഇറങ്ങിയാല്‍ മാത്രമെ രാഷ്ട്രീയം പറയുകയുള്ളു എന്നായിരുന്നു ആദ്യനിലപാടെങ്കിലും ഇതിലും മാറ്റമുണ്ടായി.