തുടര്‍ച്ചയായി തിരിച്ചടികള്‍... ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഇന്ത്യന്‍ പൊലീസ് മെഡലും രാഷ്ട്രപതിയുടെ മെഡലും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Update: 2018-11-14 08:25 GMT
Advertising

കടുത്ത ഭരണവിരുദ്ധ വികാരം അലയടിക്കുന്ന രാജസ്ഥാനില്‍ ബി.ജെ.പിക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ബി.ജെ.പി പാളയത്തില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്ക്. ബി.ജെ.പി എം.പി ദൌസ ഹരീഷ് മീനയാണ് പാര്‍ട്ടി വിട്ടത്.

ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച ഹരീഷ് മീന കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് എന്നിവര്‍ ചേര്‍ന്നാണ് ഹരീഷ് മീനയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഡിസംബര്‍ ഏഴിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താനും സച്ചിന്‍ പൈലറ്റും സ്ഥാനാര്‍ഥികളാകുമെന്ന് ഗലോട്ട് പറഞ്ഞു.

ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹരീഷ് മീന സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 2014 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2009 മാര്‍ച്ച് മുതല്‍ 2013 ഡിസംബര്‍ വരെ രാജസ്ഥാനില്‍ ഡി.ജി.പി ആയിരുന്നു ഹരീഷ് മീന. ഇന്ത്യന്‍ പൊലീസ് മെഡലും രാഷ്ട്രപതിയുടെ മെഡലും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കഴിഞ്ഞമാസം മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിങിന്റെ മകനും മുന്‍ എം.എല്‍.എയുമായ മന്‍വേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 2013 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ബര്‍മെറിലെ ഷിയോ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നേതാവായിരുന്നു മന്‍വേന്ദ്ര സിങ്. സെപ്തംബറില്‍ നടന്ന റാലിക്കിടെയാണ് താന്‍ ബി.ജെ.പി വിടുകയാണെന്ന് സിങ് പ്രഖ്യാപിച്ചത്. താമര വലിയൊരു തെറ്റാണെന്ന് ആരോപിച്ചായിരുന്നു സിങിന്റെ പാര്‍ട്ടി വിടല്‍.

ഏതായാലും ഇതുകൊണ്ടൊന്നും തീരുന്നില്ല, ബി.ജെ.പിയില്‍ നിന്ന് ഇനിയും വലിയ കൊഞ്ഞുപോകലുകള്‍ ഉണ്ടാകുമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Tags:    

Similar News