ഗജ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും;ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം
ഇന്നലെ വൈകിട്ടത്തെ കണക്കുകള്‍ പ്രകാരം ചെന്നൈയുടെ തെക്ക് ഭാഗത്ത് 490 കിലോമീറ്റര്‍ അകലെയും നാഗപട്ടണത്തിന്റെ വടക്ക് കിഴക്കായി 580 കിലോമീറ്റര്‍ അകലെയുമാണ് ഗജ നിലകൊള്ളുന്നത്
ആന്‍ഡമാനിലുണ്ടായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരത്തെത്തും. വൈകിട്ടോ രാത്രിയിലോ ആയിരിയ്ക്കും കാറ്റ് വീശുക. കടലൂര്‍- പാമ്പന്‍ മേഖലകളിലാണ് ഗജ, തീരം തൊടുക. ഏഴ് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടത്തെ കണക്കുകള്‍ പ്രകാരം ചെന്നൈയുടെ തെക്ക് ഭാഗത്ത് 490 കിലോമീറ്റര്‍ അകലെയും നാഗപട്ടണത്തിന്റെ വടക്ക് കിഴക്കായി 580 കിലോമീറ്റര്‍ അകലെയുമാണ് ഗജ നിലകൊള്ളുന്നത്. പത്ത് കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. എന്നാല്‍, ഇന്ന് രാത്രിയോടെ, തീരത്തെത്തുമ്പോള്‍, വേഗം അറുപത് മുതല്‍ എണ്‍പത് വരെ കിലോമീറ്ററാകും. ഇത് 115 കിലോമീറ്റര്‍ വരെ ആകാനുള്ള സാധ്യതകളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്.
കാരയ്ക്കല്‍, പുതുക്കോട്ട, തഞ്ചാവൂര്‍, കടലൂര്‍, നാഗപട്ടണം, രാമനാഥപുരം, തിരുവാരൂര്‍ ജില്ലകളിലാണ് ചുഴലിക്കാറ്റ് വീശുക. ഈ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാമേശ്വരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. സാധാരണ കാറ്റിന്റെ രീതിയിലാണ് ഇപ്പോള്‍ ഗജ ഉള്ളതെങ്കിലും തീവ്രത വര്‍ധിയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നു മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ഈ മേഖലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ചെന്നൈയില്‍ മിതമായ മഴയായിരിയ്ക്കും ഉണ്ടാവുക. മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.