റാഫേല്‍ ഇടപാടില്‍ നരേന്ദ്രമോദിയുടെ പങ്കാളിത്തം തുറന്നുകാട്ടി കോണ്‍ഗ്രസ്
5.2 ബില്യണില്‍ നിന്നും വിമാന വില 8.2 ബില്ല്യണാക്കിയത് നരേന്ദ്രമോദിയാണ്. സോവറിന്‍ ഗ്യാരണ്ടി വാങ്ങണമെന്ന നിയമമന്ത്രാലയത്തിന്റെയും എയര്‍ അക്വിസിഷന്‍ വിഭാഗന്റെയും നിര്‍ദേശം പ്രധാനമന്ത്രി തള്ളി.
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കാളിത്തം തുറന്നുകാട്ടി കോണ്‍ഗ്രസ്. വിമാന വില നിര്‍ണയം, സോവറിന്‍ ഗ്യാരണ്ടി, നിയമനടപടികള്‍ ഇന്ത്യയില്‍ നിന്നും മാറ്റിയത് എന്നിവയില്‍ അന്തിമ തീരുമാനം മോദിയുടേതായിരുന്നു എന്നാണ് കോണ്‍ഗ്രസ് വാദം. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം റാഫേല്‍ ഇടപാട് അന്വേഷിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. 5.2 ബില്യണില്‍ നിന്നും വിമാന വില 8.2 ബില്ല്യണാക്കിയത് നരേന്ദ്രമോദിയാണ്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല.
സോവറിന്‍ ഗ്യാരണ്ടി വാങ്ങണമെന്ന നിയമമന്ത്രാലയത്തിന്റെയും എയര്‍ അക്വിസിഷന്‍ വിഭാഗന്റെയും നിര്‍ദേശം പ്രധാനമന്ത്രി തള്ളി. ഇടപാടിലെ നിയമനടപടികള്‍ സര്‍ക്കാരുകള്‍ തമ്മിലാണെന്ന മാനദണ്ഡം ഇന്ത്യയും ദസോയും എന്ന നിലയിലേക്ക് മാറ്റിയതും പ്രധാനമന്ത്രിയാണ്.
ഇന്ത്യന്‍ ആര്‍ബിട്രേഷന്‍ നിയമപ്രകാരം നിയമ നടപടികള്‍ ഇന്ത്യയിലായിരിക്കണമെന്ന നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശം നിരസിച്ച് സ്വിസര്‍ലണ്ടിലേക്ക് മാറ്റി. നെഗോസിയേഷന്‍ കമ്മിറ്റിയെ തള്ളി 2016 ജനുവരിയില്‍ വിലപേശലിനായി ഫ്രാന്‍സിലെത്തിയത് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഇടപാടില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സോവറിന്‍ ഗ്യാരണ്ടി ഫ്രാന്‍സ് നല്‍കിയില്ലെന്ന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തേണ്ടി വന്നതും പ്രതിപക്ഷ പ്രതിഷേധവും സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്