തരൂരിന്റെ ചായവില്‍പനക്കാരന്‍ പരാമര്‍ശത്തിന് മോദിയുടെ മറുപടി
വ്യക്തിയല്ല മറിച്ച് രാജ്യവും ഭരണഘടനാസ്ഥാപനങ്ങളുമാണ് പ്രധാനപ്പെട്ടതെന്നായിരുന്നു നെഹ്‌റുവിന്റെ വിശ്വാസമെന്നും ഇന്നത്തെ ഭരണാധികാരികള്‍ മനസിലാകാത്തത് ഇതാണെന്നും ശശി തകൂര്‍ പറഞ്ഞിരുന്നു.
ശശി തരൂര്‍ എം.പിയുടെ ചായ വില്‍പനക്കാരന്‍ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ചായ വില്‍പ്പനക്കാരനെ പ്രധാനമന്ത്രി പദത്തില്‍ കാണാന്‍ കോണ്‍ഗ്രസിനാകില്ല. ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണ പരിപാടിക്കാണ് പ്രധാനമന്ത്രി അംബികാപൂരിലെത്തിയത്. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രധാനമന്ത്രി പാര്‍ട്ടി ബോസ് എന്നായിരുന്നു രാഹുലിനെ വിളിച്ചത്. കോണ്‍ഗ്രസിന് നെഹ്രു കുടുംബത്തിനപ്പുറത്തേക്ക് ചിന്തിക്കാനാകില്ല. ഒരു ചായ വില്‍പ്പനക്കാരന്‍ പ്രധാനമന്ത്രി പദത്തിലെത്തിയതിന്റെ ക്രെഡിറ്റ് പോലും നെഹ്രുവിന് നല്‍കുന്നു. ചായവില്‍പനക്കാരന്‍ പ്രധാനമന്ത്രിയാകുന്നത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്നും ശശി തരൂരിന്റെ പരാമര്‍ശത്തിന് മറുപടിയായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു ചായ വില്‍പ്പനക്കാരനെ രാജ്യത്തിന്റെ തലപ്പത്തെത്തിച്ചത് നെഹ്രുവാണെന്നായിരുന്നു ശശി തരൂരിന്റ പരാമര്‍ശം. വ്യക്തിയല്ല മറിച്ച് രാജ്യവും ഭരണഘടനാസ്ഥാപനങ്ങളുമാണ് പ്രധാനപെട്ടതെന്നായിരുന്നു നെഹ്‌റുവിന്റെ വിശ്വാസമെന്നും ഇന്നത്തെ ഭരണാധികാരികള്‍ മനസിലാകാത്തത് ഇതാണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ പ്രധാനമന്ത്രിയെ നിന്ദിക്കുക തന്റെ ഉദ്ദേശമായിരുന്നില്ലെന്ന് തരൂര്‍ വിശദീകരിച്ചിരുന്നു.