ഛത്തീസ്‍ഗഡില്‍ ഇന്ന് കലാശക്കൊട്ട്; വോട്ടുറപ്പിക്കാനുള്ള ഓട്ടത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഇന്നലെ പ്രചരണ രംഗം ചൂട് പിടിപ്പിച്ചു. 

Update: 2018-11-18 08:26 GMT
Advertising

ഛത്തീസ്‍ഗഡില്‍ ‌ അവസാന ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കലാശകൊട്ട്. യു.പി.എ കാലത്ത് ഛത്തീസ്‍ഗഡിനെ കേന്ദ്രസര്‍ക്കാര്‍ റിമോട്ടില്‍ നിയന്ത്രിക്കുകയായിരുന്നുവെന്ന് ബി.ജെ.പി റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 72 മണ്ഡലങ്ങളില്‍ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.

പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് ഛത്തീസ്‍ഗഡില്‍ കോണ്‍ഗ്രസും ബി.ജെ.പിയും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഇന്നലെ പ്രചരണ രംഗം ചൂട് പിടിപ്പിച്ചു. ഇന്ന് മഹാസമുന്ദ് മേഖലയിലായിരുന്നു മോദിയുടെ റാലി. കര്‍ഷകരെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസ് പ്രചാരണം തിരിച്ചറിഞ്ഞ് പ്രസംഗിച്ച മോദി, കര്‍ണാടകയില്‍ കോണ്‍ഗ്രസ് കര്‍ഷകരെ പറഞ്ഞ് പറ്റിച്ചെന്ന് ആരോപിച്ചു.‌

സംസ്ഥാനത്തെ മാവോയിസ്റ്റ് ആക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുമാണ് മോദിയുടെയും ബി.ജെ.പിയുടെയും പ്രചാരണം. എന്നാല്‍ നാലാം ഊഴം ലക്ഷ്യമിടുന്ന രമണ്‍ സിങ് സര്‍ക്കാരിനെതിരായ വികാരം ബി.ജെ.പി കേന്ദ്രങ്ങളില്‍ ശക്തമാണ്. ഇത് ഉപയോഗപ്പെടുത്തിയാണ് കോണ്‍ഗ്രസ് നീക്കം. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസും ബി.എസ്.പിയും ചേര്‍ന്നുള്ള മൂന്നാം മുന്നണിയും ഇന്നും ഇന്നലെയുമായി പ്രചാരണം സജീവമാക്കിയിട്ടുണ്ട്. മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുന്ന 72 മണ്ഡലങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍‌ അറിയിച്ചു.

Tags:    

Similar News