കെജ്‍രിവാളിന് നേരെ മുളകുപൊടി എറിഞ്ഞ് ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന്റെ സുരക്ഷാവീഴ്ചയാണ് നടന്നതെന്ന് ആംആദ്മി കുറ്റപ്പെടുത്തി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ നേരെ മുളകുപൊടി എറിഞ്ഞ് ആക്രമണം. സംഭവത്തില്‍ അനില്‍ കുമാര്‍ ശര്‍മ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ കെജ്‍രിവാളിന്റെ കണ്ണട തകര്‍ന്നു.
ഡല്‍ഹി സെക്രട്ടറിയേറ്റില്‍ വച്ച് ഉച്ചക്ക് 2.10ഓടെയാണ് ആക്രമണം നടന്നത്. ഉച്ചഭക്ഷണത്തിനായി പുറത്തേക്കിറങ്ങിയ സമയത്ത് കെജ്‍രിവാളിന് നേരെ അക്രമി മുളകുപൊടി എറിയുകയായിരുന്നു. സന്ദര്‍ശകരുടെ കൂട്ടത്തില്‍ നിന്നിരുന്ന ഇയാള്‍ സിഗരറ്റ് പാക്കറ്റിലാക്കിയാണ് മുളകുപൊടി കരുതിയിരുന്നത്.
മുഖ്യമന്ത്രിയുടെ മുറിയോട് ചേര്‍ന്നുള്ള സന്ദര്‍ശകരുടെ മുറിയിലാണ് ഇയാള്‍ ഇരുന്നിരുന്നത്. ഒരു കത്തുമായി മുഖ്യമന്ത്രിയുടെ അരികിലെത്തിയ ഇയാള്‍ കെജ്‍രിവാളിന്റെ കാലില്‍ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടയാന്‍ ശ്രമിക്കവേ കെജ്‍രിവാളിന്റെ കണ്ണട താഴെ വീണ് പൊട്ടി. തുടര്‍ന്ന് ഇയാള്‍ മുഖ്യമന്ത്രിക്ക് നേരെ മുളകുപൊടി എറിയുകയായിരുന്നു.
കസ്റ്റഡിയിലായ 40കാരന്‍ അനില്‍ കുമാര്‍ ഡല്‍ഹി നാരായണ സ്വദേശിയാണ്. അപകടകരമായ അക്രമമെന്ന് സംഭവത്തെക്കുറിച്ച് ആംആദ്മി വൃത്തങ്ങള്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന്റെ സുരക്ഷാവീഴ്ചയാണ് നടന്നതെന്നും ആംആദ്മി കുറ്റപ്പെടുത്തി.
''ഡല്‍ഹിയില്‍ മുഖ്യമന്ത്രി പോലും സുരക്ഷിതനല്ല. സ്കാനര്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കടന്നാണ് അക്രമി വന്നത്. എന്നിട്ടും അയാളുടെ കയ്യിലുണ്ടായിരുന്ന മുളകുപൊടി കണ്ടെത്താനായില്ല.'' ആംആദ്മി പുറത്തിറക്കിയ പ്രതികരണ കുറിപ്പില്‍ പറയുന്നു. അക്രമിയുടെ ഫോട്ടോയും ആംആദ്മി പുറത്തുവിട്ടു.