മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി

ശിവരാജ് സിംങ് ചൗഹാന്‍ സര്‍ക്കാറിനെതിരായ കര്‍ഷക രോഷം പെരുകുന്ന മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി.

Update: 2018-11-20 10:18 GMT
Advertising

ശിവരാജ് സിംങ് ചൗഹാന്‍ സര്‍ക്കാറിനെതിരായ കര്‍ഷക രോഷം പെരുകുന്ന മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി. കൃഷിനാശമുണ്ടായാല്‍ ഇന്‍ഷുറന്‍സ് നല്‍കാനുള്ള പദ്ധതി ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്ന് അട്ടിമറിച്ചുവെന്നാണ് ആരോപണം.

എസ്.ബി.ഐയുടെ കിയോലാരി ശാഖയില്‍ മാത്രം ആയിരത്തിലേറെ കര്‍ഷകരുടെ പ്രീമിയം തുകയാണ് ബാങ്കധികൃതര്‍ വെട്ടിച്ചത്. മഹാകൗശല്‍ മേഖലയില്‍ ഗോതമ്പുപാടങ്ങള്‍ സ്ഥിതി ചെയ്യുന്ന സിയൂനി ജില്ലയില്‍ നിന്നാണ് ഈ വന്‍ തട്ടിപ്പിനെ കുറിച്ച റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തു വന്നത്.

ജനുവരി 15നു മുമ്പായി കര്‍ഷകരില്‍ നിന്നും പ്രീമിയം തുക പിരിച്ചെടുത്തുവെങ്കിലും ഈ പണം ബാങ്കധികൃതര്‍ സര്‍ക്കാറിന്റെ പദ്ധതിയിലേക്ക് അടച്ചില്ലെന്നാണ് ആരോപണം. കര്‍ഷകരും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ചേര്‍ന്നാണ് പദ്ധതിയുടെ പ്രീമിയം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുന്നത്.

2018 ജനുവരി 15ന് അവസാനിച്ച റാബി സീസണില്‍ വിളകള്‍ ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഫെബ്രുവരിയില്‍ ഉണ്ടായ ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്. ഇതെ തുടര്‍ന്ന് ബാങ്കിന്റെ വഞ്ചനക്കെതിരെ നിരാഹാരസമരമടക്കം ആറു ദിവസം നീണ്ട കര്‍ഷക പ്രക്ഷോഭത്തിനൊടുവിലാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത്. 300ലേറെ ഗ്രാമങ്ങളില്‍ സംഭവിച്ച ഈ വിളനാശത്തില്‍ കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

വിലത്തകര്‍ച്ച മൂലം പൊറുതി മുട്ടുന്ന ഈ കര്‍ഷകര്‍ കൂട്ടത്തോടെ സംസ്ഥാന സര്‍ക്കാറിനെതിരെ തിരിയുന്ന ചിത്രമാണ് മേഖലയിലുടനീളം. ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മേല്‍ക്കെ ലഭിച്ച മേഖലയില്‍ ഇക്കുറി കോണ്‍ഗ്രസിന് അനുകൂലമാണ് കാര്‍ഷിക ബെല്‍റ്റുകളിലെ ജനവികാരം.

Tags:    

Similar News