ശബരിമലയില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് മനുഷ്യാവകാശ കമ്മീഷന്‍
ശബരിമലയിൽ എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്കും കമ്മീഷന്‍ അംഗങ്ങളും പമ്പയും നിലക്കലും സന്ദര്‍ശിച്ചത്.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ സർക്കാരിനെ ന്യായീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തത് പ്രളയം കാരണമാണെന്ന് ശബരിമലയിലെത്തിയ സംഘം വിലയിരുത്തി. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളെ കുറിച്ച് ലഭിച്ച പരാതികള്‍ പരിശോധിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്കും കമ്മീഷന്‍ അംഗങ്ങളും പ്പയും നിലക്കലും സന്ദര്‍ശിച്ചത്. ഭക്തരെ നേരില്‍ കണ്ട് കമ്മീഷന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രളയം മൂലം പമ്പയിലും നിലക്കലിലും അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെങ്കിലും ഭക്തർ പൊതുവെ തൃപ്തരാണെന്ന് കമ്മീഷൻ അധ്യക്ഷൻ ആന്റണി ഡൊമിനിക് പറഞ്ഞു. അതേസമയം, സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷനംഗം പി മോഹനദാസ് പറഞ്ഞു. പരാതികളിൽ സർക്കാരിനോടും ദേവസ്വം ബോർഡിനോടും പൊലീസ് മേധാവിയോടും വിശദീകരണം തേടുമെന്നറിയിച്ച കമ്മീഷൻ ഇതിന് ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുകയെന്നും വ്യക്തമാക്കി.