‘കോണ്‍ഗ്രസ് നേതാക്കള്‍ മധ്യപ്രദേശില്‍ പശുക്കളെ ആരാധിക്കുന്നു; കേരളത്തില്‍ ബീഫ് കഴിക്കുന്നു’ മോദി
‘’കേരളത്തിലെ കോണ്‍ഗ്രസ് അനുയായികള്‍ പരസ്യമായി പശുക്കളെ കൊന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ബീഫ് കഴിക്കുന്നത് അവരുടെ അവകാശമാണെന്നാണ് പറയുന്നത്.’’
പശുസംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പശുക്കളെ ആരാധിക്കാന്‍ പറയുകയും അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബീഫ് കഴിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
''മധ്യപ്രദേശില്‍ വോട്ടര്‍മാരെ ചിന്താക്കുഴപ്പത്തിലാക്കാന്‍ ഗോക്കളെ കുറിച്ച് സംസാരിക്കുകയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് പശുക്കളെ കുറിച്ച് സംസാരിക്കാം, അതവരുടെ അവകാശമാണ്. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ് വ്യത്യസ്തമാണല്ലേ..?'' മോദി ചോദിച്ചു.
''മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പശുക്കളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് അനുയായികള്‍ പരസ്യമായി പശുക്കളെ കൊന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ബീഫ് കഴിക്കുന്നത് അവരുടെ അവകാശമാണെന്നാണ് പറയുന്നത്.'' പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന മധ്യപ്രദേശിലെ ചിന്ദ്‍വാരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസ് നേതാക്കള്‍ നുണ പറയുന്ന കലയില്‍ വൈദഗ്ധ്യം നേടിയിരിക്കുകയാണെന്നും മോദി ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ നാടുവാഴിയെന്ന് വിശേഷിപ്പിച്ച മോദി, ഗോസംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.