അയോധ്യയില്‍ ആവശ്യമെങ്കില്‍ 1992 ആവര്‍ത്തിക്കും: ബി.ജെ.പി എം.എല്‍.എ
നിയമം കൈയിലെടുത്താണെങ്കിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് പറഞ്ഞു.
ആവശ്യമെങ്കില്‍ അയോധ്യയില്‍ 1992 ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. നിയമം കൈയിലെടുത്താണെങ്കിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും സുരേന്ദ്ര സിങ് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 25ന് സംഘപരിവാര്‍ സംഘടനകള്‍ പ്രക്ഷോഭം നടത്തുന്നുണ്ട്. ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‍രംഗദള്‍, ഹിന്ദു യുവവാഹിനി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. രണ്ട് ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കുമെന്നാണ് അവകാശവാദം. തന്‍റെ മണ്ഡലമായ ബരിയയില്‍ നിന്ന് മാത്രം 5000 പേര്‍ പങ്കെടുക്കുമെന്ന് സുരേന്ദ്ര സിങ് പറഞ്ഞു.
ഇക്കാര്യത്തില്‍ ക്രമാസമാധാനമൊന്നും ഒരു വിഷയമല്ല. രാമക്ഷേത്ര നിര്‍മാണത്തിന് ആവശ്യമെങ്കില്‍ 1992ല്‍ ബാബരി മസ്ജിദ് പൊളിച്ചതുപോലെ നിയമം കയ്യിലെടുക്കുമെന്ന് സുരേന്ദ്ര സിങ് പറഞ്ഞു. മോദി സര്‍ക്കാരിന്‍റെയും യോഗി സര്‍ക്കാരിന്‍റെയും കാലത്ത് തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രക്ഷോഭത്തിന് മുന്നോടിയായി ഉത്തരവ് മറികടന്ന് ഫൈസാബാദില്‍ വി.എച്ച്.പി ഇന്നലെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.