ചെന്നൈയില്‍ പിടികൂടിയത് പട്ടിയിറച്ചിയല്ലെന്ന് റിപ്പോര്‍ട്ട്
പട്ടിയിറച്ചിയെന്ന സംശയത്തില്‍ ചെന്നൈയില്‍ പിടികൂടിയത് ആട്ടിറച്ചിയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാഫലം. ജോധ്പുരില്‍നിന്ന് തീവണ്ടിയില്‍ ചെന്നൈ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച ഇറച്ചിയാണ് പട്ടിയിറച്ചിയാണെന്ന് സംശയിച്ച് അധികൃതര്‍ പിടികൂടിയിരുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് എഗ്‌മോര്‍ സ്‌റ്റേഷനില്‍ നിന്ന് 2,190 കിലോ ഇറച്ചി പിടികൂടിയത്. പിടികൂടിയത് പട്ടിയിറച്ചിയാണെന്ന സംശയം ജനങ്ങള്‍ക്കിടയില്‍ വലിയ പരിഭ്രാന്തിയാണ് പരത്തിയത്. തമിഴ്‌നാട് വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല വ്യാഴാഴ്ച പുറത്തുവിട്ട ലാബ് റിപ്പോര്‍ട്ടിലാണ് ആട്ടിറച്ചിയാണെന്ന് വ്യക്തമായത്. അഴുകിയനിലയിലായതിനാല്‍ ഇറച്ചി ആര്‍.പി.എഫ്. കൊടുംങ്ങയ്യൂരിലെ മാലിന്യസംസ്‌കരണകേന്ദ്രത്തില്‍ സംസ്‌കരിച്ചിരുന്നു.
പൊതുജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുകയാണ് പ്രധാനമായും ലാബ് പരിശോധനയിലൂടെ ഉദ്ദേശിച്ചതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. കതിരവന്‍ പറഞ്ഞു. ജോധ്പുരില്‍നിന്ന് ഇറച്ചി അയച്ചത് ശീതീകരണിയിലല്ലെന്നും അതിനാലാണ് അഴുകിയതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിനുള്ള ഇറച്ചി തീവണ്ടിയില്‍ ദൂരത്തേക്ക് അയയ്ക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. അനധികൃത അറവുശാല നടത്തുന്നവരാണ് ഇറച്ചി അയച്ചത്. ഏത് അറവുശാലയില്‍നിന്നാണ് അയച്ചതെന്ന് പാര്‍സലിന്റെ പുറത്ത് വ്യക്തമാക്കിയിരുന്നില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചതായി വെറ്ററിനറി സര്‍ജന്റെ സര്‍ട്ടിഫിക്കറ്റുമില്ല കതിരവന്‍ പറഞ്ഞു.
തോലുരിഞ്ഞ് വൃത്തിയാക്കി തെര്‍മോകോള്‍ പെട്ടികളില്‍ നിറച്ചാണ് ഇറച്ചി രാജസ്ഥാനില്‍ നിന്നും ചെന്നൈയിലേക്ക് പാര്‍സല്‍ അയച്ചിരുന്നത്. ജോധ്പൂരില്‍ നിന്ന് മുഹമ്മദ് ഉമര്‍ എന്ന പേരിലാണ് പാര്‍സല്‍ അയച്ചിരുന്നത്. എന്നാല്‍, സ്വീകരിക്കേണ്ടയാളുടെ പേര് വ്യക്തമായി എഴുതിയിരുന്നില്ല. പിടിച്ചെടുത്ത ഇറച്ചി ചെന്നൈയിലെ ഏതൊക്കെ ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.