ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ ബ്രാഹ്‍മണര്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് സി.പി ജോഷി: മാപ്പ് പറയിപ്പിച്ച് രാഹുല്‍

മറ്റേതോ മതത്തില്‍പ്പെട്ടയാളാണ് നരേന്ദ്ര മോദിജി, അദ്ദേഹവും ഹിന്ദുക്കളെക്കുറിച്ച് പറയുന്നു.....

Update: 2018-11-23 09:05 GMT
Advertising

ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ ബ്രാഹ്‍മണര്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സി.പി ജോഷിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തി. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിയ്ക്കേ നാഥ്ദ്വാരാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ സി.പി.ജോഷിയുടെ പ്രസ്താവനക്കെതിരെ പാര്‍ട്ടി അധ്യക്ഷന്‍ തന്നെ രംഗത്തുവന്നിരിക്കയാണ്.

ജോഷിയുടെ പ്രസ്താവന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങള്‍ എതിരാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സമൂഹത്തിലെ ഒരു ജാതിമതവിഭാഗങ്ങളുടെയും അഭിമാനത്തെ ഹനിക്കുന്നതാവരുത് തങ്ങളുടെ പ്രസ്താവനകളെന്ന് നേതാക്കന്മാര്‍ ഉറപ്പുവരുത്തണം. ജോഷിക്ക് തനിക്ക് പറ്റിയ തെറ്റിനെ കുറിച്ച് ബോധമുണ്ടാവണം. തന്റെ പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ ഹര്‍ഷ് സാങ്‍വിയാണ് ജോഷിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇന്നലെ പുറത്തുവിട്ടത്. ബ്രാഹ്മണരല്ലാത്ത നരേന്ദ്രമോദിയ്ക്കും ഉമാഭാരതിയ്ക്കും ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്നായിരുന്നു ജോഷിയുടെ പ്രസ്താവന. ഇരുവരുടെയും ജാതി എടുത്തു പറഞ്ഞായിരുന്നു ജോഷിയുടെ പ്രസംഗം.

‘ഈ രാജ്യത്ത് മതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് പണ്ഡിറ്റുകള്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമാണ്. ലോധ് സമാജത്തില്‍പ്പെട്ട ഉമാഭാരതി ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണ്. വേറേതോ മതത്തില്‍പ്പെട്ട സാധ്വിജി ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നു. മറ്റേതോ മതത്തില്‍പ്പെട്ടയാളാണ് നരേന്ദ്രമോദിജി, അദ്ദേഹവും ഹിന്ദുക്കളെക്കുറിച്ച് പറയുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

രാമക്ഷേത്ര വിഷയം സംഘപരിവാര്‍ ഉയര്‍ത്തുമ്പോള്‍ ബാബറി മസ്ജിദ് തുറന്നുകൊടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും ജോഷി പറയുന്നു. രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കണമെങ്കില്‍ രാജ്യത്ത് ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി വരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മോദിയുടെയും ഉമാഭാരതിയുടെയും ജാതി പറഞ്ഞ് ഇരുവർക്കും ഹിന്ദു മതത്തെക്കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളതെന്ന് സി.പി.ജോഷി വോട്ടർമാരോട് ചോദിച്ചത്.

ജോഷിയുടെ പ്രസ്താവന വിവാദമായതോടെയാണ് രാഹുല്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. രാഹുലിന്‍റെ കടുത്ത നിർദേശത്തിന് പിന്നാലെ ജോഷി മാപ്പു പറയുകയും ചെയ്തു. തന്‍റെ പ്രസ്താവനയെ ബി.ജെ.പി ദുര്‍വ്യാഖാനം ചെയ്തെന്ന വിശദീകരണത്തോടെയാണ് ജോഷി തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചത്.

Tags:    

Similar News