സ്ഥാനാര്‍ഥി നിര്‍ണയം: രാജസ്ഥാന്‍ ബി.ജെ.പിയില്‍ പടലപ്പിണക്കം രൂക്ഷമാകുന്നു
കടുത്ത ഭരണവിരുദ്ധ വികാരം മറികടക്കാന്‍ തന്ത്രങ്ങളില്ലാതെ വലയുന്ന വസുന്ധര രാജെ സിന്ധ്യയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് വിമതശല്യം.
സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി രാജസ്ഥാന്‍ ബി.ജെ.പിയിലെ പടലപ്പിണക്കം തുടരുന്നു. നാമനിര്‍ദേശപ്പത്രിക പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് 11 നേതാക്കളെ ബി.ജെ.പി പുറത്താക്കി. നാല് മന്ത്രിമാരും ഇതിലുള്‍പ്പെടും.
കടുത്ത ഭരണവിരുദ്ധ വികാരം മറികടക്കാന്‍ തന്ത്രങ്ങളില്ലാതെ വലയുന്ന വസുന്ധര രാജെ സിന്ധ്യയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് വിമതശല്യം. ഭരണം നിലനിര്‍ത്താന്‍ നിരവധി പുതുമുഖങ്ങളെ മത്സര രംഗത്തിറക്കിയെങ്കിലും തീരുമാനം തിരിഞ്ഞുകുത്തുന്ന നിലയാണ്. പാര്‍ട്ടി നിര്‍ദേശം മറികടന്ന് വിമതരായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചവരില്‍ പലരും പത്രിക പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടായെങ്കിലും വഴങ്ങിയില്ല. ഇന്നലെ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും വഴങ്ങാത്ത നാല് മന്ത്രിമാരുള്‍പ്പെടെ 11 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് പാര്‍ട്ടി.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തെക്കാണ് പുറത്താക്കിയത്. മന്ത്രിമാരായ സുരേന്ദ്ര ഗോയല്‍, ലക്ഷ്മി നാരായണന്‍ ദവെ, രാധേശ്യം ഗംഗാനഗര്‍ തുടങ്ങിയ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്കെതിരെയാണ് നടപടി. ഇവരില്‍ സുരേന്ദ്ര ഗോയല്‍ നേരത്തെ തന്നെ രാജി പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ നിരവധി എം.എല്‍.എമാരും നേരത്തെ തന്നെ സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്ന് രാജി വെച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മാനവേന്ദ്ര സിങാണ് മുഖ്യമന്ത്രി വസുന്ധരെക്കെതിരെ മത്സരിക്കുന്നത്. ഭരണവിരുദ്ധ വികാരം മുതലാക്കി ഭരണം പിടിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിനും വിമതശല്യമുണ്ട്. 40 കോണ്‍ഗ്രസ് വിമതര്‍ മത്സര രംഗത്തുണ്ട്.