‘വിദേശത്ത് നിന്ന് എത്ര കള്ളപ്പണം പിടിച്ചെടുത്തു?’ കണക്ക് പുറത്തുവിടാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
2014ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നരേന്ദ്ര മോദി മുന്നോട്ട് വച്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കള്ളപ്പണം തിരികെയെത്തിക്കുമെന്നുള്ളത്.
വിദേശത്ത് നിന്ന് ഇതുവരെ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമത്തിലെ വകുപ്പ് പ്രകാരം കണക്കുകള്‍ പുറത്തുവിടാനാവില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുർവേദിയുടെ പരാതിയിലാണ് മറുപടി.
കഴിഞ്ഞ ഒക്ടോബര്‍ 16നാണ് വിദേശത്ത് നിന്ന് പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകള്‍ 15ദിവസത്തിനകം സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പറയുന്നു.
വിവരാവകാശ നിയമപ്രകാരം ചതുർവേദി പ്രധാനമന്ത്രിയുടെ ഓഫിസിനോട് ഉന്നയിച്ച ഈ ചോദ്യങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു ആദ്യം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. ഇതിനെതിരെയാണ് ചതുർവേദി കമ്മീഷനെ സമീപിച്ചത്. എന്നാല്‍ കണക്കുകള്‍ പുറത്തുവിടാനാവില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.
2014ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നരേന്ദ്ര മോദി മുന്നോട്ട് വച്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കള്ളപ്പണം തിരികെയെത്തിക്കുമെന്നത്. കൂടാതെ, തിരികെ എത്തിക്കുന്ന കള്ളപ്പണം രാജ്യത്തെ പൗരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഒരു വിവരവും നല്‍കാതിരുന്നതിനാല്‍ സഞ്ജയ് വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ കൂടാതെ, സ്കില്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങി വിവിധ കേന്ദ്ര പദ്ധതികളുടെ വിവരങ്ങളും ചോദ്യപ്പട്ടികയിലുണ്ട്. അതാത് മന്ത്രാലയങ്ങളോട് ഈ അപേക്ഷയില്‍ മറുപടി നല്‍കാനായിരുന്നു വിവരാവകാശ കമ്മീഷന്‍റെ നിര്‍ദേശം.