രാഹുല്‍ഗാന്ധിയും കെജ്രിവാളും ഒരേ വേദിയില്‍: പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായി കര്‍ഷക മാര്‍ച്ച്
കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകരുടെ പാര്‍ലമെന്‍റ് മാര്‍ച്ച്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകരുടെ പാര്‍ലമെന്‍റ് മാര്‍ച്ച്. ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഐക്യദാര്‍ഢ്യം അറിയിച്ച മാര്‍ച്ചില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവരും പങ്കെടുത്തു. കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തതെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധതക്കെതിരെ പതിനായിര കണക്കിന് കര്‍ഷകരാണ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് ചെയ്തെത്തിയത്. ഇന്നലെ ഡല്‍ഹിയിലേക്ക് അഞ്ച് റാലികളായി എത്തിയ കര്‍ഷകര്‍ രാംലീല മൈതാനത്ത് സംഗമിച്ച ശേഷം രാവിലെയാണ് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തിയത്.
രാജ്യത്തെ 207 കര്‍ഷകസംഘടനകള്‍ കിസാന്‍ മുക്തിമാര്‍ച്ചില്‍ പങ്കെടുത്തു. തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമന്നതായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് കത്തയക്കുകയും ചെയ്തു.
പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മക്കും കര്‍ഷകമാര്‍ച്ച് വേദിയായി. രാഹുല്‍ഗാന്ധി, ശരത് പവാര്‍, ഫറൂഖ് അബ്ദുള്ള, സീതാറാം യെച്ചൂരി കെജ്രിവാള്‍ തുടങ്ങിയ നേതാക്കളും മാര്‍ച്ചിനൊടുവിലെ രാഷ്ടീയസമ്മേളനത്തില്‍ പങ്കെടുത്തു. മോദി വ്യവസായികളുടെ കടം എഴുതി തള്ളിയെങ്കില്‍ കര്‍ഷകരുടെയും കടം എഴുതി തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധിയും കെജ്രിവാളും ഒരേ വേദിയില്‍ എത്തിയെന്നതും മാര്‍ച്ചില്‍ ശ്രദ്ധേയമായി.
കര്‍ഷകരെ മോദി പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കര്‍ഷകരും തൊഴിലാളികളും ഒറ്റക്കെട്ടായി അണി നിരന്ന് കഴിഞ്ഞുവെന്ന് സി.പി.എം ജനറള്‍സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. കാര്‍ഷികടം മൂലം ആത്ഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായി തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകരും മാര്‍ച്ചില്‍ പങ്കെടുത്തു.