മധ്യപ്രദേശില്‍ പൊലീസ് കാന്റീനിനുള്ളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന ആരോപണവുമായി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് പോസ്റ്റല്‍ ബാലറ്റുകളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മധ്യപ്രദേശില്‍ ഭോപ്പാലിലെ പൊലീസ് സ്റ്റേഷന്‍ കാന്റീനിനുള്ളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന ആരോപണവുമായി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് പോസ്റ്റല്‍ ബാലറ്റുകളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇവ കണ്ടെത്തിയത്.
4000 ത്തോളം പോസ്റ്റല്‍ ബാലറ്റുകളാണ് തെരഞ്ഞെടുപ്പ് ജോലിയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി വിതരണം ചെയ്തത്. ഇതില്‍ സാധാരണ പൊലീസ് ഉദ്യോഗസ്ഥരും സ്പെഷ്യല്‍ ആര്‍മ്ഡ് ഫോഴ്സസ്, ഹോം ഗാര്‍ഡ്, സ്പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു. മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റു വഴി വോട്ടുകള്‍ രേഖപ്പെടുത്തിയത് നവംബര്‍ 18 നായിരുന്നു. ഈ പോസ്റ്റല്‍ വോട്ടുകള്‍ ഡിസംബര്‍ 11 വോട്ടെണ്ണല്‍ ദിനമാകുമ്പോഴേക്കും തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചെത്തേണ്ടതാണ്.
എന്നാല്‍, ഭോപ്പാലിലെ ജെഹംഗിറാബാദ് പ്രദേശത്തെ ഹോംഗാര്‍ഡുകള്‍ക്കായുള്ള ഓഫീസിന്റെ കാന്റീനില്‍ നിന്നാണ് തങ്ങള്‍ക്ക് ഈ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. തങ്ങള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഈ കാന്റീനിലെത്തിയതെന്ന് പറയുന്നു കോണ്‍ഗ്രസ് നേതാവായ കൃഷ്ണ ഘട്ജെ. വോട്ട് രേഖപ്പെടുത്തിയ മൂന്ന് കവറുകള്‍ കാന്റീനിന്റെ പുറത്ത് നിന്നും 250 എണ്ണം കാന്റീനിന്റെ അകത്ത് നിന്നുമായാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും കൃഷ്ണ പറഞ്ഞു. ഇന്നലെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപേക്ഷിപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ മൂന്നുദിവസമായി ഈ പോസ്റ്റല്‍ ബാലറ്റുകള്‍ അവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. ഇന്ന് വിഷയം ശ്രദ്ധയില്‍പ്പെടുത്താനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെത്തുമ്പോള്‍ മേശപ്പുറത്ത് അലക്ഷ്യമായി കിടക്കുകയായിരുന്നു പോസ്റ്റല്‍ ബാലറ്റുകളെന്നും പല കവറുകളും പൊട്ടിച്ച നിലയിലായിരുന്നുവെന്നും പറയുന്നു മറ്റൊരു കോണ്‍ഗ്രസ് നേതാവായ പി.സി ശര്‍മ. സംഭവത്തില്‍ ഭോപ്പാല്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ये à¤à¥€ पà¥�ें- മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച റൂമില്‍ സി.സി.ടി.വി ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ये à¤à¥€ पà¥�ें- മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: ഇ.വി.എം മെഷീന്‍ ബി.ജെ.പി എം.എല്‍.എയുടെ ഹോട്ടലില്‍ എത്തിച്ചെന്ന്
തെരഞ്ഞെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ അട്ടിമറി നടത്തിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. വോട്ടെടുപ്പിന് ശേഷം മെഷീനുകള്‍ സാഗറിലെ ജില്ലാ ആസ്ഥാനത്ത് എത്തിക്കുന്നതിന് പകരം ബി.ജെ.പി സിറ്റിങ് എം.എല്‍.എയും സ്ഥാനാര്‍ഥിയുമായ ഭുപേന്ദ്ര സിങിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്കാണ് കൊണ്ടുപോയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടെത്തിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിന്റെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തനരഹിതമായെന്ന വാർത്തയും അതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിരീകരണവും പുറത്തുവന്നിരുന്നു.