ന്യൂനപക്ഷ വിഭാഗത്തെ എങ്ങനെ പരിഗണിക്കണമെന്ന് നരേന്ദ്രമോദി സര്‍ക്കാരിന് കാണിച്ച് കൊടുക്കും- ഇമ്രാന്‍ ഖാന്‍

പാകിസ്താനിലെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അത് പാകിസ്താന്‍റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ദര്‍ശനങ്ങളിലൊന്നായിരുന്നെന്നും ഖാന്‍ പറഞ്ഞു

Update: 2018-12-23 03:17 GMT
Advertising

ന്യൂനപക്ഷ വിഭാഗത്തെ എങ്ങനെ പരിഗണിക്കണമെന്ന് നരേന്ദ്രമോദി സര്‍ക്കാരിന് താന്‍ കാണിച്ച് കൊടുക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് നടന്‍ നസറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനെ ഉദ്ധരിച്ചാണ് ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് നസറുദ്ദീന്‍ ഷാ പറഞ്ഞത്.

ലാഹോറില്‍ അരങ്ങേറിയ പഞ്ചാബ് സര്‍ക്കാരിന്‍റെ 100 ദിവസത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന ചടങ്ങിലാണ് ഖാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്താനിലെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അത് പാകിസ്താന്‍റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ദര്‍ശനങ്ങളിലൊന്നായിരുന്നു. ന്യൂനപക്ഷങ്ങള്‍ പുതിയ പാകിസ്താനില്‍ സുരക്ഷിതരും സംരക്ഷിക്കപ്പെട്ടവരും തുല്യ അവകാശങ്ങളുമുള്ളവരായിരിക്കുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പോലീസ് കൊല്ലപ്പെടുന്നതിനേക്കാള്‍ പ്രാധാന്യം ഇന്ത്യയില്‍ പശുവിന് നല്‍കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് നസറുദ്ദീന്‍ ഷായുടെ വാക്കുകള്‍. യു.പിയിലെ ബുലന്ദ്ശഹറില്‍ പശുക്കളുടെ ജഡം ചിതറിക്കിടക്കുന്നതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങ്, വിദ്യാര്‍ത്ഥിയായ സുമിത് കുമാര്‍ എന്നിവരെ കൊലപ്പെടുത്തിയിരുന്നു. ബജ്‍രംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് കേസിലെ പ്രധാന പ്രതി.

Tags:    

Similar News