സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ സി.ബി.ഐയില്‍ നിന്ന് നീക്കം ചെയ്തു

മോയിന്‍ ഖുറേഷി കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതിയായിരിക്കേയാണ് അസ്താനക്കെതിരെ നടപടി. 

Update: 2019-01-18 01:41 GMT
Advertising

സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ സി.ബി.ഐയില്‍ നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്തു. മോയിന്‍ ഖുറേഷി കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതിയായിരിക്കേയാണ് അസ്താനക്കെതിരെ നടപടി. അരുണ്‍ കുമാര്‍ ശര്‍മ്മ, മനീഷ് കുമാര്‍ സിന്‍ഹാ, ജയന്ത് ജെ നൈയ്കനാവാരെ എന്നിവരെയും സിബിഐയില്‍ നിന്ന് സര്‍ക്കാര്‍ നീക്കി. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനെറ്റ് അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയുടേതാണ് തീരുമാനം.

അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത സെലക്ഷന്‍ സമിതി നടപടിക്ക് പിന്നാലെയാണ് അസ്താനക്കെതിരെയും സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. നിലവില്‍ മോയിന്‍ ഖുറേഷി കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതിയാണ് അസ്താന. സി.ബി.ഐയില്‍ നിന്ന് നീക്കിയ രാകേഷ് അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗം തലവനായി ആണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. രാകേഷ് അസ്താനക്ക് പുറമെ മറ്റ് മൂന്ന് ഉദ്യോസ്ഥരെ കൂടി സര്‍ക്കാര്‍ സി.ബി.ഐയില്‍ നിന്ന് നീക്കി. അസ്താനക്കെതിരായ കേസ് അന്വേഷിച്ച് കൊണ്ടിരുന്ന സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശര്‍മ്മ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ കോടതിയെ സമീപിച്ച ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മനീഷ് കുമാര്‍ സിന്‍ഹ, എസ്.പി ജയന്ത് ജെ. നൈയ്ക്നാവരെ എന്നിവരാണ് സര്‍ക്കാര്‍ നീക്കിയ മറ്റുള്ളവര്‍.

അസ്താനയുടെയം ദേവന്ദര്‍ ശര്‍മ്മയുടെയും ഫോണുകള്‍ തെളിവായി ശേഖരിക്കുന്നതില്‍ നിന്ന് അജിത്ത് ഡോവല്‍ തടസ്സം നിന്നുവെന്നതിലാണ് മനീഷ് കുമാര്‍ സിന്‍ഹ മുന്‍പ് കോടതിയെ സമീപിച്ചിരുന്നത്. എല്ലാവരുടെയും സേവന കാലാവധി വെട്ടിക്കുറച്ചാണ് സി.ബി.ഐയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. അസ്താനക്കെതിരായ കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ പത്ത് ദിവസമാണ് ഡല്‍ഹി ഹൈക്കോടതി നല്‍കിയിരിക്കുന്ന കാലാവധി. അതേസമയം അലോക് വര്‍മ്മക്കെതിരായ സെലക്ഷന്‍ സമിതിയുടെ നടപടിയില്‍ മേലുള്ള വിവാദം ഇനിയും അവസാനിച്ചിട്ടില്ല. നാഗേശ്വര റാവുവിനെ ഇടക്കാല സി.ബി.ഐ ഡയറക്ടറായ നിയമിച്ച നടപടിയും സുപ്രിം കോടതിയുടെ പരിഗണനയില്‍ ആണ്

Tags:    

Similar News