കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ റിസോര്‍ട്ടില്‍ ‘കൈയാങ്കളി’; ഒരാള്‍ ആശുപത്രിയില്‍

Update: 2019-01-21 03:39 GMT
Advertising

കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന കൈയാങ്കളിയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗിനെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് കോണ്‍ഗ്രസ് എം.എല്‍.എയായ ജെ.എന്‍ ഗണേഷുമായുള്ള ‘അടിപിടി’യില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെംഗളൂരിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ വെച്ച് കുപ്പി ഉപയോഗിച്ച് സിംഗ് ഗണേഷിന്റെ തലക്കടിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ദരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പിയുടെ കുതിര കച്ചവടത്തെ ഭയന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയില്‍ പാര്‍ട്ടി റിസോര്‍ട്ടില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ജനതാദളു(സെക്കുലര്‍)മായി സഖ്യത്തിലുള്ള കര്‍ണാടകയില്‍ പാര്‍ട്ടിയുടെ 80 എം.എല്‍.എമാരില്‍ നാല് പേര്‍ വെള്ളിയാഴ്ച്ച നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.

അതേ സമയം സംഭവം കോണ്‍ഗ്രസ് പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള അടിപിടിയും സിംഗും ഗണേഷും തമ്മില്‍ നടന്നിട്ടില്ലെന്നും നെഞ്ച് വേദനയെ തുടര്‍ന്നാണ് ആനന്ദ് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പാര്‍ട്ടി എം.എല്‍.എ ഡി.കെ. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. അപ്പോളോ ആശുപത്രിയില്‍ എം.എല്‍.എയെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഡി.കെ. സുരേഷ് മാധ്യമങ്ങളോട് സംസാരിച്ചത്.

കര്‍ണാടകയിലെ വിജയനഗര മണ്ഡലത്തിലെ എം.എല്‍.എയാണ് ആനന്ദ് സിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് സിംഗ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. കാംമ്പി മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ഗണേഷ്.

ആരോഗ്യ സ്ഥിതി മോശമായതിനാലാണ് എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരറാവു മാധ്യമങ്ങളോട് വൃക്തമാക്കി. മാധ്യമങ്ങളിലൂടെ മാത്രമാണ് പ്രശ്നമറിഞ്ഞതെന്നും രാത്രി എട്ട് മണി വരെ താന്‍ റിസോര്‍ട്ടിലുണ്ടായിരുന്നെന്നും പരമേശ്വരറാവു പറഞ്ഞു.

അതേ സമയം കോണ്‍ഗ്രസ് പ്രതിനിധി മധു ഗൌഡ് ‘അടിപിടി’ സ്ഥിരീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങള്‍ മാത്രമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും രാഷ്ട്രീയമായ ഒരു കാരണങ്ങളും അടിപിടിക്ക് പിന്നിലില്ലെന്നും മധുവിനെ ഉദ്ദരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ അടിപിടി കോണ്‍ഗ്രസിനകം സുരക്ഷിതമല്ലെന്നാണ് കാണിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. എത്ര കാലം കോണ്‍ഗ്രസിന് എല്ലാം നിഷേധിച്ച് ബി.ജെ.പിയെ കുറ്റപ്പെടുത്താനാകുമെന്ന് ബി.ജെ.പി ഔദ്യോഗികമായി തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News