നാരായണ സ്വാമിയുടെ സമരത്തിന് പിന്തുണയറിയിച്ച് കെജ്രിവാള്‍ പുതുച്ചേരിയില്‍
നാരായണസ്വാമിയെ പരോക്ഷമായി പരിഹസിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയുടെ ട്വീറ്റും വന്നു.
പുതുച്ചേരിയില്‍ പ്രതിഷേധ ധര്‍ണ തുടരുന്ന മുഖ്യമന്ത്രി വി നാരായണ സ്വാമിയ്ക്ക് പിന്തുണയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സമരം തീര്‍ക്കുന്നതിനായി ഇന്ന് വൈകീട്ട് ചര്‍ച്ച നടത്താന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അതിനിടെ നാരായണസ്വാമിയെ കളിയാക്കുന്ന തരത്തില്‍ ഗവര്‍ണര്‍ കിരണ്‍ ബേദി ട്വീറ്റ് ചെയ്തത് വിവാദമായി.
ഇന്ന് ഉച്ചയോടെയാണ് അരവിന്ദ് കെജ്രിവാള്‍ പുതുച്ചേരിയില്‍ എത്തിയത്. ധര്‍ണ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. പ്രതിപക്ഷത്തെ കൂടുതല്‍ ദേശീയ നേതാക്കള്‍ ഒരോ ദിവസവും സമരത്തിന് പിന്തുണമായി എത്തുന്നുണ്ട്. സമരം തീര്‍ക്കുന്നതിനായി ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും വേദിയെ ചൊല്ലിയുള്ള തര്‍ക്കം കാരണം നടന്നിരുന്നില്ല. ഗവര്‍ണറുടെ വസതിയില്‍ ചര്‍ച്ചയ്ക്ക് പോകില്ലെന്ന നിലപാടിലാണ് നാരായണ സ്വാമി. ഇന്ന് വൈകുന്നേരം വീണ്ടും മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
നാരായണസാമിയെ പരോക്ഷമായി പരിഹസിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയുടെ ട്വീറ്റും വന്നു. ഔദ്യോഗിക വസതിയായ രാജ്‌നിവാസിന് മുന്നില്‍ നിന്നും പകര്‍ത്തിയ കാക്കയുടെയും പൂച്ചയുടെയും ചിത്രങ്ങള്‍ യോഗയുമായി ബന്ധപ്പെടുത്തിയാണ് ട്വീറ്റ് ചെയ്തത്. രാജ്‌നിവാസിന് മുന്നില്‍ ധര്‍ണയിരിക്കുന്ന നാരായണസാമിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയാണ് ഗവര്‍ണര്‍ ചെയ്തിരിക്കുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.