ആം ആദ്മിയുമായി സഖ്യമില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
സഖ്യത്തിനുള്ള അവസാനവട്ട സമ്മർദ്ദവും ചെലുത്തുകയാണ് കോൺഗ്രസ്.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. സഖ്യത്തിനുള്ള അവസാനവട്ട സമ്മർദ്ദവും ചെലുത്തുകയാണ് കോൺഗ്രസ്. എന്നാല്‍ ഹരിയാനയിലും പഞ്ചാബിലും അനുബന്ധ സഖ്യം വേണമെന്നാണ് എ.എ.പി നിലപാട്.
ഡൽഹിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാന്‍ 11 ദിവസമാണ് ശേഷിക്കുന്നത്. ഇപ്പോഴും സഖ്യകാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്താന്‍ എഎപിക്കും കോണ്‍ഗ്രസിനും കഴിഞ്ഞിട്ടില്ല. നേരത്തെ തന്നെ എ.എ.പി, സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി പ്രചരണം ആരംഭിച്ചിരുന്നു. വെട്ടിലായത് കോണ്‍ഗ്രസാണ്. ഡൽഹിക്കൊപ്പം പഞ്ചാബ്, ഹരിയാന, ഗോവ, ചണ്ഡിഗഡ് എന്നിവിടങ്ങളിലും സഖ്യം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ആം ആദ്മി. ഡൽഹിയിൽ മാത്രം സഖ്യം എന്നാണ് കോൺഗ്രസ് നിലപാട്.ബി.ജെ.പിയെ പരാജയപ്പെടുത്താൻ സഖ്യം അനിവാര്യമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. ആം ആദ്മി പാർട്ടിയുടെ കടും പിടുത്തമാണെന്ന് തടസ്സം എന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ് അവസാനവട്ട സമ്മര്‍ദ്ദം ശക്തമാക്കുകയാണ്.
സഖ്യ സാധ്യത മങ്ങിയതോടെ സ്ഥാനാർഥി നിർണയ ചർച്ചകള്‍ കോണ്‍ഗ്രസ് ഏറെ കുറെ പൂര്‍ത്തിയാക്കി. ന്യൂഡല്‍ഹിയിൽ അജയ് മാക്കനും ചാന്ദിനി ചൗക്കിൽ കപില്‍ സിബലും മത്സരിക്കും. ഈസ്റ്റ് ഡല്‍ഹിയിൽ ഡി.പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത് മത്സരിക്കണമെന്നാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ജെ പി അഗര്‍വാളും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജ്കുമാര്‍ ചൗഹാനുമാണ് പരിഗണനയിൽ. സൌത്ത് ഡല്‍ഹിയില്‍ രമേശ് കുമാറും വെസ്റ്റ് ഡല്‍ഹിയില്‍ മഹാബല്‍ മിശ്രയുമാണ് സാധ്യത പട്ടികയിലുള്ളത്.