പ്രതിഷേധം ശക്തമാക്കി ജാമിഅ വിദ്യാർഥികൾ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഭിഭാഷകരും

പൊതുജനങ്ങളും വിദ്യാർഥികളോടൊപ്പം പ്രതിഷേധത്തിന് എത്തിയിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ കോടതികളിലെ അഭിഭാഷകരും രംഗത്തെത്തി.

Update: 2019-12-21 15:04 GMT
Advertising

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജാമിഅയിലെ വിദ്യാർഥികൾ. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഭിഭാഷകരും ജാമിഅ മില്ലിയ സർവകലാശാലയിലെത്തി. അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് ഇന്നും ജാമിഅ മില്ലിയയിലുണ്ടായത്. ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും കേന്ദ്ര സർക്കാരിനെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകളുമായാണ് വിദ്യാർഥികൾ പ്രതിഷേധിക്കാൻ എത്തിയത്. പൊതുജനങ്ങളും വിദ്യാർഥികളോടൊപ്പം പ്രതിഷേധത്തിന് എത്തിയിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ കോടതികളിലെ അഭിഭാഷകരും രംഗത്തെത്തി. ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.

ഇതേസമയം, കസ്റ്റഡിയിലെടുത്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിലക്ക് ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തു എന്നാണ് ചന്ദ്രശേഖർ ആസാദിന് എതിരെ പൊലീസ് ചുമത്തിയ കുറ്റം. 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ഇന്നലെ ജമാ മസ്ജിദില്‍ വച്ച് പലതവണ ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.

ഒടുവില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിന് സാധിച്ചത്. ജമാ മസ്ജിദിലെ ഗെയ്റ്റ് നന്പര്‍ 1ന് മുന്‍പില്‍ പൊലീസിനടുത്തേക്ക് ചെന്ന് അദ്ദേഹം കീഴടങ്ങുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ചന്ദ്രശേഖറിനെ കൊണ്ടുപോയതായി പൊലീസ് അറിയിച്ചു.

Tags:    

Similar News