ലോക് ഡൌണില്‍ വീട്ടിലിരുന്ന് ബോറടിച്ചോ? എങ്കില്‍ മുംബൈ പൊലീസ് പറയുന്നത് കേള്‍ക്കൂ

വീട്ടിലിരുന്ന് ബോറടിച്ചു മടുത്തവര്‍ ലോക് ഡൌണ്‍ കഴിയുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന പ്ലാനിംഗിലാണ്

Update: 2020-04-08 14:59 GMT
Advertising

കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 14ന് അവസാനിക്കാനിരിക്കെ ലോക് ഡൌണ്‍ വീണ്ടും നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡിനെതിരായി സര്‍ക്കാരും പൊതുജനങ്ങളും ഒത്തുചേര്‍ന്ന് പോരാടിക്കൊണ്ടിരിക്കുകയാണ്. ഈ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകരും പൊലീസും. പൊതുസുരക്ഷക്ക് വേണ്ടി വിശ്രമമില്ലാതെ അവര്‍ ജോലിയെടുക്കുകയാണ്. ലോക് ഡൌണ്‍ കര്‍ശനമായി നടപ്പിലാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പൊതുജനം സുഖമായി വീട്ടിലിരിക്കുമ്പോള്‍ സ്വന്തം ജീവന്‍ പോലും മറന്ന് നിരത്തിലിറങ്ങി പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ് പൊലീസുകാര്‍.

വീട്ടിലിരുന്ന് ബോറടിച്ചു മടുത്തവര്‍ ലോക് ഡൌണ്‍ കഴിയുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന പ്ലാനിംഗിലാണ്.സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍, കാണേണ്ട സിനിമകള്‍ എന്നിവയെക്കുറിച്ചുള്ള ലിസ്റ്റ് ഇപ്പോഴെ തയ്യാറാക്കിയിട്ടുണ്ടാവും. എന്നാല്‍ വീട്ടിലിരുന്നു ബോറടിച്ച് മടുത്തവരോട് മുംബൈ പൊലീസിന് ചിലത് പറയാനുണ്ട്. ഒരു വീഡിയോയിലൂടെയാണ് പൊലീസുകാര്‍ പൊതുജനങ്ങളോട് സംവദിച്ചിരിക്കുന്നത്. 21 ദിവസം വീട്ടിലിരിക്കാന്‍ സാധിച്ചാല്‍ നിങ്ങളെന്ത് ചെയ്യുമെന്നാണ് മുംബൈ പൊലീസ് അവരുടെ ഉദ്യോഗസ്ഥരോടും കോണ്‍സ്റ്റബിള്‍മാരോടും ചോദിച്ചത്. അവരുടെ ഉത്തരവും വ്യത്യസ്തങ്ങളായിരുന്നു. ബുക്ക് വായിക്കുമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമെന്നായിരുന്നു മറ്റ് ചിലരുടെ ഉത്തരം.ഇഷ്ട സിനിമകള്‍ കാണുമെന്നും ഉറങ്ങുമെന്നും ചിലര്‍ പറയുന്നു.

തങ്ങൾക്ക് ഒരിക്കലും കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവഴിക്കാൻ കഴിയാറില്ലെന്നും സാധ്യമെങ്കിൽ 21 ദിവസം വീട്ടിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറയുന്നു. "ലോക്ക്ഡൌൺ വളരെ ദൈർ‌ഘ്യമേറിയതാണെന്ന് തോന്നുന്നുണ്ടോ? ഞങ്ങൾ വീട്ടിലായിരുന്നെങ്കിൽ ഞങ്ങൾ എന്തുചെയ്യുമായിരുന്നുവെന്നാണ് നിങ്ങള്‍ കരുതുന്നത്" എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം 78000ത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. എഴുത്തുകാരന്‍ ചേതന്‍ ഭഗത്, നടന്‍മാരായ അജയ് ദേവ്ഗണ്‍,സുനില്‍ ഷെട്ടി എന്നിവര്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ 5,194 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 149 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

Tags:    

Similar News