ഇനി പുറത്തിറങ്ങി കറങ്ങിയാല്‍ പിടിച്ചിരുത്തി മസക്കലി 2.0 കേള്‍പ്പിക്കും; ലോക് ഡൌണ്‍ ലംഘകര്‍ക്ക് മുന്നറിയിപ്പുമായി ജയ്പൂര്‍ പൊലീസ്

പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ 2009ല്‍ പുറത്തിറങ്ങിയ ഡല്‍ഹി 6 എന്ന ചിത്രത്തിന് വേണ്ടി ഈണമിട്ട ഗാനമായിരുന്നു മസക്കലി

Update: 2020-04-13 10:10 GMT
Advertising

ലോക് ഡൌണ്‍ നിയമലംഘകരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജയ്പൂര്‍ പൊലീസ്. എത്ര പറഞ്ഞിട്ടും പുറത്തിറങ്ങി കറങ്ങി നടക്കുന്നവരോട് പുതിയൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പൊലീസ്. ലോക് ഡൌണ്‍ ലംഘിച്ച് റോഡിലിറങ്ങിയാല്‍ മസക്കലിയുടെ റീമിക്സ് കേള്‍പ്പിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ 2009ല്‍ പുറത്തിറങ്ങിയ ഡല്‍ഹി 6 എന്ന ചിത്രത്തിന് വേണ്ടി ഈണമിട്ട ഗാനമായിരുന്നു മസക്കലി. ഈ ഗാനത്തിന്റെ റീമിക്സ് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.യുവ താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാരിയയും അഭിനയിച്ച ഈ റീമിക്‌സ് ഗാനം മസക്കലി 2.0 എന്ന പേരിലാണ് റിലീസ് ചെയ്തത്. ഗാനം ഇറങ്ങിയപ്പോള്‍ അത് ആരാധകരുടെ അനിഷ്ടത്തിന് പാത്രമായി. പാട്ടിന്റെ ഒറിജിനല്‍ സംഗീത് സംവിധായകന്‍ തന്നെ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു.ല്ലാവരും ഒറിജിനൽ കാണണം എന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം, ഈ ഗാനമൊരുക്കാൻ 200 ലധികം സംഗീതജ്ഞർക്കൊപ്പം 365 ദിവസത്തോളം നീണ്ടു നിന്ന ക്രിയാത്മകമായ പ്രവർത്തനം വേണ്ടി വന്നു എന്നും അതിൽ കുറുക്കുവഴികളില്ല എന്നും പറഞ്ഞിരുന്നു.

അങ്ങിനെ ഇപ്പോഴും വിവാദമൊടുങ്ങാത്ത ഈ ഗാനം ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ പിടിച്ചുനിര്‍ത്തി ഈ ഗാനം പലതവണ കേള്‍പ്പിക്കുമെന്നാണ് ജയ്പൂര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിങ്ങള്‍ അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നത് കണ്ടാല്‍ പിടിച്ച് ഒരു മുറിയിലിരുത്തി മസക്കലി 2.0 വീണ്ടും കേള്‍പ്പിച്ചുകൊണ്ടിരിക്കും.” എന്ന് ട്വീറ്റില്‍ പറയുന്നു.

കാര്യം ശിക്ഷയെക്കുറിച്ചുള്ള ട്വീറ്റാണെങ്കിലും സംഗതി സോഷ്യല്‍മീഡിയയില്‍ വൈറലായി. ജയ്പൂര്‍ പൊലീസിന്റെ നര്‍മ്മബോധത്തെ അഭിനന്ദിച്ച ചിലര്‍ മസക്കലി റീമിക്സ് കൊറോണ വൈറസിനെക്കാള്‍ ഭയാനകമാണെന്നും കുറിച്ചു.

ഡപ്യൂട്ടി കമ്മീഷണര്‍ കാവേന്ദ്ര സിംഗ് സാഗറാണ് ജയ്പൂര്‍ പൊലീസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്നത്. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണമാണ് തങ്ങളുടെ നര്‍മ്മരസമുള്ള ട്വീറ്റുകള്‍ക്ക് ആധാരമെന്നും കമ്മീഷണര്‍ പറയുന്നു.

Tags:    

Similar News