യാചകിയായ യുവതിക്ക് ജീവിതം നല്‍കി ഡ്രൈവര്‍; ഇതാ സിനിമയെ വെല്ലുന്നൊരു പ്രണയ കഥ

ലോക്ഡൌണ്‍ കാലത്ത് സര്‍വതും നഷ്ടപ്പെട്ട് ഒടുവില്‍ ഭിക്ഷാടനത്തിന് ഇറങ്ങിയ ഒരു യുവതിക്ക് ജീവിതം നല്‍കിയിരിക്കുകയാണ് അനില്‍ എന്ന ഡ്രൈവര്‍

Update: 2020-05-26 06:53 GMT
Advertising

വ്യത്യസ്തമായ വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലമായിരുന്നു ഈ ലോക്ഡൌണ്‍ കാലം. ആഢംബരങ്ങള്‍ ഒഴിവാക്കി, സാമൂഹ്യ അകലം പാലിച്ചുമെല്ലാം മാതൃകാപരമായ കല്യാണങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും നടന്നു. കല്യാണത്തിന് മാറ്റി വച്ച തുക കോവിഡ് ദുരിതാശ്വാസത്തിന് നല്‍കിയും ചിലര്‍ മാതൃകയായി. എന്നാല്‍ ഇതില്‍ നിന്നുമെല്ലാം യുപിയിലെ കാണ്‍പൂരില്‍ നിന്നുള്ള ഒരു ഡ്രൈവര്‍ വ്യത്യസ്തനാകുന്നത്. അദ്ദേഹത്തിന്‍റെ വലിയ മനസ് കൊണ്ടാണ്. പണവും കുടുംബസ്ഥിതിയും വിദ്യാഭ്യാസവുമെല്ലാം നോക്കി വിവാഹം കഴിക്കുന്നവര്‍ക്കിടയില്‍ നിന്നും വഴി മാറി ചിന്തിക്കുകയാണ് ഇദ്ദേഹം. ലോക്ഡൌണ്‍ കാലത്ത് സര്‍വതും നഷ്ടപ്പെട്ട് ഒടുവില്‍ ഭിക്ഷാടനത്തിന് ഇറങ്ങിയ ഒരു യുവതിക്ക് ജീവിതം നല്‍കിയിരിക്കുകയാണ് അനില്‍ എന്ന ഡ്രൈവര്‍.

തന്‍റെ മുതലാളിയുടെ നിര്‍ദ്ദേശ പ്രകാരം തെരുവില്‍ ഭക്ഷണവിതരണം നടത്തുമ്പോഴാണ് കാണ്‍പൂരിലെ കക്കഡോ പ്രദേശത്തെ ഫുട്പാത്തിലിരുന്ന് യാചിക്കുന്ന നീലം എന്ന യുവതിയെ ആദ്യമായി കാണുന്നത്. പിന്നീട് പല തവണ അവളെ കണ്ടുമുട്ടിയ അനില്‍ നീലത്തോട് കുടുംബത്തെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. നീലത്തിന്‍റെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മ കിടപ്പിലുമായി. സഹോദരനും ഭാര്യയും നിരന്തരം ഉപദ്രവിക്കുകയും അമ്മയെയും നീലത്തെയും വീടിനു പുറത്താക്കുകയും ചെയ്തു. അങ്ങനെയാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത്.

ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ പുറത്തിറങ്ങാതായതോടെ നീലത്തിന്‍റെയും അമ്മയുടെയും ജീവിതം കൂടുതല്‍ കഷ്ടത്തിലായി. അനില്‍ വിതരണം ചെയ്യുന്ന ഭക്ഷണമായിരുന്നു പിന്നീട് ഇവരുടെ വിശപ്പകറ്റിയത്. നിരന്തരമുള്ള കണ്ടുമുട്ടലുകള്‍ ആദ്യം സൌഹൃദത്തിന് പിന്നീട് പ്രണയത്തിലേക്കും വഴി മാറുകയായിരുന്നു. ഒരു ദിവസം അനില്‍ നീലത്തോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും തുടര്‍ന്ന് അവര്‍ വിവാഹിതരാവുകയുമായിരുന്നു. ലോര്‍‍ഡ് ബുദ്ധ ആശ്രമത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു വിവാഹം . നിരവധി സാമൂഹ്യ പ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു.

Tags:    

Similar News