ജാലകച്ചില്ലിനപ്പുറത്ത് കുഞ്ഞുവിരലുകള്‍ തൊട്ട് ഒന്നരവയസുകാരി; ചേര്‍ത്തണക്കാന്‍ പോലുമാകാതെ നിസ്സഹയായി കോവിഡ് രോഗിയായ അമ്മയും
ആ സമയത്ത് അവളെ ചേര്‍ത്തുപിടിക്കാന്‍ ഞാന്‍ കൊതിക്കും. പക്ഷെ സാധിക്കില്ലല്ലോ. എന്തൊക്കെയോ അവളുടെ ഭാഷയില്‍ പറയും
കോവിഡ് അതിന്‍റെ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍ അകലം പാലിക്കുക എന്ന രീതിയിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു. പ്രിയപ്പെട്ടവരെ 'അകറ്റി' നിര്‍ത്തി നമ്മള്‍ കോവിഡിനെയും ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അമ്മമാരെ സംബന്ധിച്ചിടത്തോളം ഇത് വളരെ വിഷമമുള്ള കാര്യമാണ്. കോവിഡ് ബാധിച്ചാല്‍ സ്വന്തം കുഞ്ഞിനെ പിരിഞ്ഞിരിക്കുകയെന്നത് പല അമ്മമാരെയും സംബന്ധിച്ചിടത്തോളം അത്യധികം സങ്കടകരമാണ്. കോവിഡ് രോഗിയായ അമ്മ 17 മാസം പ്രായമുള്ള മകളെ പിരിഞ്ഞിരിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞത് സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ചിരിക്കുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അലിഫിയ ജാവേരി എന്ന അമ്മ തന്‍റെ ദുഃഖം പങ്കുവച്ചിരിക്കുന്നത്.
അലിഫിയയുടെ വാക്കുകള്‍..
എനിക്ക് കോവിഡാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്‍റെ മനസില്‍ ആദ്യം ഉയര്‍ന്നുവന്ന ചോദ്യം എന്‍റെ മകളെക്കുറിച്ചായിരുന്നു. ലക്ഷണങ്ങള്‍ അത്ര ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയാനായിരുന്നു ഡോക്ടര്‍മാര്‍ എന്നോട് നിര്‍ദ്ദേശിച്ചത്. വീട്ടില്‍ തന്നെ കഴിയുകയെന്നത് ആശ്വാസകരമായിരുന്നെങ്കിലും രണ്ട്, മൂന്നാഴ്ച കുഞ്ഞിനെ പിരിഞ്ഞിരിക്കേണ്ടി വരുന്ന അവസ്ഥ എനിക്ക് ചിന്തിക്കാന്‍ കൂടി സാധിക്കുമായിരുന്നില്ല.
ക്വാറന്‍റൈനില്‍ ആയിട്ട് ഇന്ന് ആറ് ദിവസം കഴിഞ്ഞിരിക്കുന്നു. എല്ലാ ദിവസവും എന്‍റെ മകള്‍ കിടപ്പുമുറിയുടെ ജനാലക്കരികില്‍ വന്നു നില്‍ക്കും. കുഞ്ഞുവിരലുകള്‍ കൊണ്ട് ചില്ലിലൂടെ എന്നെ തൊടാന്‍ നോക്കും. ആ സമയത്ത് അവളെ ചേര്‍ത്തുപിടിക്കാന്‍ ഞാന്‍ കൊതിക്കും. പക്ഷെ സാധിക്കില്ലല്ലോ. എന്തൊക്കെയോ അവളുടെ ഭാഷയില്‍ പറയും. ഒരു ദിവസം കൈകള്‍ വൃത്തിയാക്കാന്‍ അവളെന്നോട് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. വേറൊരു ദിവസം മാസ്ക് ധരിക്കാന്‍ മറന്ന എന്‍റെ ഭര്‍ത്താവിനോട് അവള്‍ മാസ്കിടാന്‍ പറഞ്ഞു. ജനിച്ച അന്നു മുതല്‍ അവളെന്നോടൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്. എല്ലാ ദിവസവും രാത്രി എന്നോടൊപ്പം ഉറങ്ങാന്‍ വേണ്ടി വാശി പിടിച്ച് കരയും. പക്ഷെ ഞങ്ങളെന്ത് ചെയ്യാനാണ്. അവളുടെ സുരക്ഷയല്ലേ വലുത്.
എന്‍റെ ഭര്‍ത്താവും അദ്ദേഹത്തിന്‍റെ സഹോദരിയും ചേര്‍ന്നാണ് മകളെ നോക്കുന്നത്. അവര്‍ അവളെ നന്നായി നോക്കുന്നുണ്ട്. എല്ലാ ദിവസവും പുലര്‍ച്ചെ രണ്ട് മണിക്ക് അവള്‍ എഴുന്നേല്‍ക്കും. ഞാനവിടെ ഇല്ലെന്നറിയുമ്പോള്‍ കരയും. അത് കേള്‍ക്കുമ്പോള്‍ എന്‍റെ ഹൃദയം തകരും. എന്‍റെ മുറിയുമായി ഞാന്‍ പൊരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. തുണികളും പാത്രങ്ങളും കഴുകുന്നു, ടിവി കാണുന്നു, ധ്യാനത്തിലേര്‍പ്പെടുന്നു. എല്ലാത്തിലുപരി ജനാലച്ചില്ലിലൂടെ മകളെ കണ്ടുകൊണ്ടിരിക്കാനാണ് കൂടുതല്‍ സമയവും ഞാന്‍ ചെലവഴിക്കുന്നത്. അവള്‍ സുരക്ഷിതയാണെന്നാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം. എനിക്കുടനെ തന്നെ അവളെ ചേര്‍ത്തുപിടിക്കാനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശരിക്കും എന്‍റെ ഒരു ചെറിയ പതിപ്പാണ് അവള്‍. എന്നപ്പോലെ വസ്ത്രം ധരിക്കാനും നടക്കാനും അവള്‍ ഇഷ്ടപ്പെടുന്നു. അവളെ കെട്ടിപ്പിടിച്ചുറങ്ങുന്ന ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്..