വിമത കോൺഗ്രസ് എം.എൽ.എമാരുടെ അയോഗ്യത; സച്ചിൻ പൈലറ്റ് ക്യാമ്പിന് വീണ്ടും ആശ്വാസം
സ്പീക്കറുടെ നടപടിക്രമങ്ങളിൽ ഇടപെടാൻ കോടതിക്കുള്ള അധികാര പരിധി സംബന്ധിച്ച് വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി
രാജസ്ഥാനില്‍ സച്ചിൻ പൈലറ്റ് ക്യാമ്പിന് സുപ്രീം കോടതിയിലും ആശ്വാസം. വിമത കോൺഗ്രസ് എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിൽ ഹൈകോടതിക്ക് ഉത്തരവിടാം. സ്പീക്കറുടെ നടപടിക്രമങ്ങളിൽ ഇടപെടാൻ കോടതിക്കുള്ള അധികാര പരിധി സംബന്ധിച്ച് വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
എംഎൽഎമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ല. സുപ്രീം കോടതി അഞ്ചംഗ ബഞ്ചിന്റെ വിധി പ്രകാരം രാജ്യത്ത് സ്ഥാപിതമായ നിയമമാണത്. ഇത് മറികടന്നാണ് സച്ചിൻ പൈലറ്റ് ക്യാമ്പിലെ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് താത്ക്കാലികമായി തീരുമാനമെടുക്കരുതെന്ന രാജസ്ഥാൻ ഹൈകോടതി ഉത്തരവെന്നായിരുന്നു സ്പീക്കറുടെ വാദം. എന്നാൽ സ്പീക്കറുടെ നടപടികളിൽ ഇടപെടാനുള്ള കോടതിയുടെ അധികാര പരിധി സംബന്ധിച്ച കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തിങ്കഴാഴ്ച മുതൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. എങ്കിൽ ഹൈകോടതി നടപടിക്രമങ്ങൾ സുപ്രീംകോടതിയിലേക്ക് മാറ്റുകയോ നടപടികൾ സ്റ്റേ ചെയ്യുകയോ വേണമെന്ന് സ്പീക്ക൪ക്ക് വേണ്ടി ഹാജരായ മുതി൪ന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല.
ഹൈകോടതിക്ക് വിധി പറയുന്നതുമായി മുന്നോട്ടുപോകാം. അതേസമയം സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന് വിധേയമായിരിക്കും ഹൈകോടതി ഉത്തരവെന്ന് കോടതി വ്യക്തമാക്കി. സച്ചിൻ പൈലറ്റ് ക്യാമ്പിലെ എംഎൽഎമാ൪ നൽകിയ ഹരജിയിൽ രാജസ്ഥാൻ ഹൈകോടതി നാളെ വിധി പറയും. അതിനിടെ ക്രഡിറ്റ് കോപറേറ്റീവ് സൊസൈറ്റി അഴിമതി കേസിൽ കേന്ദ്ര മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്റെ പങ്ക് പരിശോധിക്കാൻ രാജസ്ഥാൻ സ൪ക്കാ൪ നിയോഗിച്ച അന്വേഷണസംഘത്തിന് ജയ്പൂ൪ കോടതി അനുമതി നൽകി