മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം; നാല് മരണം
ചിറ്റഗോങിന് പുറമെ, തലസ്ഥാന നഗരമായ ധാക്കയിലും മോദി വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ബംഗ്ലാദേശ് ചിറ്റഗോങില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് വെടിവെക്കുകയായിരുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ചിറ്റഗോങിന് പുറമെ, തലസ്ഥാന നഗരമായ ധാക്കയിലും മോദി വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. ധാക്കയിലെ ബൈത്തുല്‍ മുഖറം പള്ളിക്ക് സമീപം നൂറു കണക്കിന് പ്രതിഷേധക്കാരാണ് സംഘടിച്ചത്. പ്രതിഷേധ സൂചകമായി ഷൂ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ധാക്കയില്‍ നടന്ന പൊലീസ് ആക്രമത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ ഡസനോളം പേര്‍ക്ക് പരിക്കേറ്റതായും ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചിറ്റഗോങില്‍ അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ റബര്‍ ബുള്ളറ്റുകളും ടിയര്‍ ഗ്യാസുകളും പ്രയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.