ഐ.എസ്.ആര്‍.ഒ കേസ്; അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്രം, ആവശ്യം തള്ളി സുപ്രീംകോടതി
അടുത്തയാഴ്ച കേസിൽ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു.
ഐ.എസ്.ആർ.ഒ ചാരക്കേസിലെ അന്വേഷണ സമിതി റിപ്പോർട്ട് ഉടൻ പരിഗണിക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. ഡി.കെ ജയിൻ സമിതിയുടെ റിപ്പോർട്ട് നാളെ പരിഗണിക്കണം എന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്. ഐ.എസ്.ആര്‍.ഒ ചാരക്കേസ് ദേശീയ കേസാണെന്നും സോളിസിറ്റര്‍ ജനറൽ വാദിച്ചു.
വിഷയം പ്രാധാന്യമുള്ളതാണെന്നും എന്നാല്‍ അടിയന്തരമായി കേള്‍ക്കേണ്ടതല്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അഭിപ്രായപ്പെട്ടു. നാളെ തന്നെ ഈ കേസ് പരിഗണിക്കുന്നത് എന്തിനെന്ന് ചോദിച്ച കോടതി അടുത്തയാഴ്ച കേസിൽ വാദം കേൾക്കാമെന്നും അറിയിച്ചു.
ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാനായിരുന്നു 2018 സെപ്തംബറില്‍ മുന്‍ ജഡ്ജി ജസ്റ്റിസ് ഡി.കെ ജയിൻ അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി. കഴിഞ്ഞ ദിവസമാണ് സമിതി മുദ്രവെച്ച കവറിൽ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.