സ്ത്രീ സുരക്ഷ മുഖ്യം; അധികാരത്തിലെത്തിയാൽ ബംഗാളിൽ ആന്റി റോമിയോ സ്ക്വാഡ് രൂപീകരിക്കുമെന്ന് യോഗി
തൃണമൂൽ സർക്കാരിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും യോഗി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
ബംഗാളിൽ അധികാരത്തിൽ വന്നാൽ ആന്റി റോമിയോ സ്ക്വാഡ് രൂപീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തൃണമൂൽ സർക്കാരിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും യോഗി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ല. അധികാരത്തിൽ വന്നാൽ യു.പി മാതൃകയിൽ ബംഗാളിലും ആന്റി റോമിയോ സ്ക്വാഡ് കൊണ്ടുവരും. പെൺകുട്ടികളെ ശല്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യും. പെൺകുട്ടികൾക്ക് വിദ്യഭ്യാസവും യാത്രയും സൗജന്യമാക്കുമെന്നും യോഗി പറഞ്ഞു. യോഗി അധികാരമേറ്റെടുത്ത ശേഷം സ്ത്രീ സുരക്ഷക്ക് എന്ന പേരിൽ 2017ല്‍ ഉത്തര്‍പ്രദേശില്‍ രൂപീകരിച്ചതായിരുന്നു ആന്റി റോമിയോ സ്ക്വാഡ്.
യോഗിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, യു.പിയിലെ ഹാഥ്റാസ് കേസും, കൂട്ടബലാത്സംഗങ്ങളും ക്രമസമാധാന പാളിച്ചകളും ഉയർത്തി തൃണമൂൽ കോൺഗ്രസ് ബി.ജെ.പിയെ അക്രമിച്ചിരുന്നു.
മമതക്ക് ബംഗാളിലെ യുവതയെ കുറിച്ചും കർഷകരെ കുറിച്ചും വികസനത്തെ കുറിച്ചും ചിന്തയില്ലെന്ന് യോഗി കുറ്റപ്പെടുത്തി. ധാരാളം സാമൂഹ്യ പരിഷ്കർത്താക്കൾക്ക് ജന്മം നൽകിയ ബംഗാളിലെ യുവാക്കൾ ഇന്ന് രോഷാകുലരാണ്. തൃണമൂലിന് പാർട്ടി ഗുണ്ടകളെ പറ്റി മാത്രമേ ആലോചനയുള്ളുവെന്നും യോഗി പറഞ്ഞു.
പത്ത് വർഷം മുമ്പ് വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ തൃണമൂലിന് ബംഗാളിൽ മാറ്റമൊന്നും കൊണ്ടു വരാനായില്ല. കേന്ദ്രം പാസാക്കിയ സി.എ.എ നടപ്പാക്കില്ലെന്നാണ് മമതാ ബാനർജി പറയുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഗോവധം നിരോധിക്കാനും മമത സർക്കാരിന് സാധിച്ചിട്ടില്ല. യു.പിയിൽ ഗോവധം നടത്തിയവൻ ജയിലിൽ കിടക്കുമെന്നും യോഗി പറഞ്ഞു. ബംഗാളിലെ അടുത്ത ഘട്ട തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.