മഹാരാഷ്ട്രയില്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് 7 മരണം
താനെ ജില്ലയിലെ ഉൽഹാസ്നഗറില്‍ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്
മഹാരാഷ്ട്രയിലെ താനെയില്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. താനെ ജില്ലയിലെ ഉൽഹാസ്നഗറില്‍ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്.
നെഹ്രു ചൌക്കിൽ വെച്ചാണ് അഞ്ച് നിലകളുള്ള സായ് സിദ്ധി കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതെന്ന് ഉൽഹാസ്നഗർ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു. അഞ്ചാം നിലയിലെ സ്ലാബ് തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. എട്ടോളം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്നു. അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഏഴ് പേരെ അവശിഷ്ടങ്ങളില്‍ നിന്നും പുറത്തെടുത്തെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇപ്പോഴും അറിയില്ലെന്നും നാലോ അഞ്ചോ പേര്‍ കെട്ടിടത്തിനിടയില്‍ പെട്ടിട്ടുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.
ഈയിടെയും സമാനരീതിയിലുള്ള അപകടം നടന്നിരുന്നു. മേയ് 15ന് നടന്ന അപകടത്തില്‍ 12 കാരനുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചിരുന്നു. ഉല്‍ഹാസ് നഗര്‍ ക്യാമ്പിലെ മോഹിനി പാലസിലാണ് അപകടമുണ്ടായത്.