അക്ഷരങ്ങള്‍ മാറ്റി എഴുതിയാല്‍ കോവിഡ് മാറും; ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ

ഇത് സംഖ്യാജ്യോതിഷമാണെന്നും ഇതിന് ദിവ്യശക്തിയുണ്ടെന്നും പരസ്യം

Update: 2021-05-10 01:58 GMT
By : Web Desk
Advertising

ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാന്‍, അല്ലെങ്കില്‍ കരിയറില്‍ ഉയര്‍ച്ച തേടാനൊക്കെ ആയി ചിലരെങ്കിലും പേരുമാറ്റാന്‍ തയ്യാറാകാറുണ്ട്. പലരും പേര് മാറ്റുകയല്ല, പേരിലെ അക്ഷരങ്ങള്‍ ഒന്ന് മാറ്റിയെഴുതുകയോ, കൂട്ടിച്ചേര്‍ക്കുകയോ, കുറയ്ക്കുകയോ ഒക്കെയാണ് സാധാരണ ചെയ്യാറാണ്. സംഖ്യാജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ നിരവധി പേരുണ്ട്. അത്തരത്തിലൊരു പരസ്യമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് കോവിഡ് മഹാവ്യാധി രണ്ടുകൊല്ലമായി. വാക്സിനുകള്‍ കണ്ടുപിടിച്ചുവെങ്കിലും വൈറസിനെ പിടിച്ചുകെട്ടാന്‍ ഇനിയും ആയിട്ടില്ല. കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ ശ്വാസംമുട്ടി പിടയുകയാണ് ഇന്ത്യ.

എന്നാലിതാ കോവിഡിന്‍റെയും അതിന് കാരണക്കാരനായ കൊറോണ വൈറസിന്‍റെയും അക്ഷരങ്ങള്‍ ഒന്ന് മാറ്റിയെഴുതിയാല്‍ രോഗവും മാറും വൈറസ് ഈ ലോകത്ത് നിന്നുതന്നെ പോകുകയും ചെയ്യും എന്ന വിചിത്രവാദവുമായി എത്തിയിരിക്കുകയാണ് ഒരാള്‍. ആന്ധ്രപ്രദേശ് അനന്തപുരം സ്വദേശി ആനന്ദ് റാവു. വെറുതെ പറയുക മാത്രമല്ല, ഒരു പരസ്യവും അദ്ദേഹം പുറത്തിറക്കി കഴിഞ്ഞു.

CORONAA, COVVIYD- 19 എന്നിങ്ങനെ കോറോണയെയും കോവിഡിനെയും മാറ്റിഒരു ബാനറിലെഴുതി തൂക്കിയാല്‍ രോഗം മാറും എന്നാണ് ഇയാളുടെ അവകാശവാദം. പൊതുസ്ഥലങ്ങളിലും വീടിന്‍റെ വാതിലിന് മുന്നിലും എല്ലാം ഇങ്ങനെ ബാനറിലെഴുതി തൂക്കണമെന്നും അദ്ദേഹം പറയുന്നു. ഇത് സംഖ്യാജ്യോതിഷമാണെന്നും ഇതിന് ദിവ്യശക്തിയുണ്ടെന്നും ആനന്ദ് റാവു പരസ്യത്തിലൂടെ പറയുന്നു.

ഇത്തരത്തില്‍ നിങ്ങള്‍ ചെയ്താല്‍ അനന്തപുരത്ത് നിന്ന് മാത്രമല്ല, ഈ ലോകത്ത് നിന്ന് തന്നെ കൊറോണ ഇല്ലാതാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. കഴിഞ്ഞില്ല, വ്യക്തികളുടെ ആരോഗ്യം, സമ്പത്ത്, കുടുംബപ്രശ്നങ്ങള്‍, വിവാഹം തുടങ്ങി എന്തിനും സംഖ്യാജ്യോതിഷത്തില്‍ പരിഹാരമുണ്ടെന്നും പരസ്യം പറയുന്നു.

അനന്തപുരത്ത് ജുഡീഷ്യല്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ സ്റ്റെനോഗ്രാഫറാണ് താന്‍ എന്നാണ് എസ്. വി അനന്ദ റാവും പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. ഇയാളുടെ പേര് എഴുതിയിരിക്കുന്നത് പോലും സംഖ്യാ ജ്യോതിഷം അനുസരിച്ചാണ്. ആനന്ദ് എന്ന പേര് സാധാരണ എഴുതുന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരു എന്‍ ഉം ഒരു ഡിയും അധികമായി ചേര്‍ത്തിട്ടുണ്ട്. ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

എന്തായാലും പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. തന്‍റെ പേര് തെറ്റായി എഴുതിയത് കണ്ട് കൊറോണ നാടുവിട്ട് പോകുമെന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. 

Tags:    

By - Web Desk

contributor

Similar News