യോഗിക്കെതിരെ പടയൊരുക്കം; യുപിയിൽ മോദിയുടെ ഇഷ്ടക്കാരൻ എകെ ശർമ്മയ്ക്ക് പുതിയ റോൾ
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് യോഗിയെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ഇടപെടൽ. തന്റെ വിശ്വസ്തനും മുൻ ബ്യൂറോക്രാറ്റുമായ എകെ ശർമ്മയ്ക്ക് മന്ത്രിസഭാ പുനഃസംഘടനയിൽ വലിയ റോൾ ലഭിക്കും വിധമാണ് മോദിയുടെ ഇടപെടൽ. കോവിഡ് മഹാമാരി കൈകാര്യം ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രീതിയിൽ വ്യാപക വിമർശം ഉയരുന്നതിനിടെയാണ് സംസ്ഥാനത്ത് മോദി നേരിട്ട് ശ്രദ്ധ കൊടുക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് യോഗിയെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ദേശീയ നേതൃത്വം അതു തള്ളിയിട്ടുണ്ട് എങ്കിലും എ.കെ ശർമ്മയുടെ വരവിനെ കൗതുകത്തോടെ വീക്ഷിക്കുകയാണ് രാഷ്ട്രീയവൃത്തങ്ങൾ. അടുത്ത ആഴ്ചകളിൽ തന്നെ കൂടുതൽ ജാതി-സമുദായങ്ങൾക്ക് ഇടം ലഭിക്കുന്ന തരത്തിൽ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് വിവരം.
ഗുജറാത്ത് കേഡറിൽ നിന്നുള്ള റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനാണ് എകെ ശർമ്മ. ചെറുകിട-ഇടത്തരം സംരഭ മന്ത്രാലയത്തിൽ സെക്രട്ടറിയായിരിക്കെ വോളണ്ടറി റിട്ടയർമെന്റ് വാങ്ങി ബിജെപിയിൽ ചേരുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു രാഷ്ട്രീയ പ്രവേശം. പാർട്ടിയിൽ ചേർന്നയുടൻ ബിജെപി ഇദ്ദേഹത്തെ ഉത്തർപ്രദേശ് എംഎൽസിയുമാക്കി. നിലവിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ഇദ്ദേഹമാണ്.
യുപിയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ രണ്ടു ദിവസങ്ങളിലായി ദേശീയ നേതാക്കൾ ചർച്ച ചെയ്തിരുന്നു. സംഘടനാ ചുമതലയുള്ള ബി.എൽ സന്തോഷ്, രാധാ മോഹൻ സിങ് എന്നിവരുടെ നേതൃത്വത്തിൽ ലഖ്‌നൗവിലായിരുന്നു യോഗം. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസ്ബലെയും സന്നിഹിതനായിരുന്നു. ഇതിലാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച തീരുമാനങ്ങളുണ്ടായത്. ഈ മാസം തന്നെ ഉണ്ടാകുമെന്നാണ് സൂചന.
അതിനിടെ, കോവിഡിനിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരുന്നത്. സമാജ് വാദി പാർട്ടിയാണ് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്. ബിഎസ്പിയും തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ചിട്ടുണ്ട്.
അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തിലായിരിക്കും രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. 403 നിയമസഭാ സീറ്റുകളാണ് യുപിയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 324 സീറ്റാണ് ബിജെപി സ്വന്തമാക്കിയിരുന്നത്.