'ശശികലയുമായി സംസാരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്ത്'; കടുത്ത നടപടിയുമായി എഐഎഡിഎംകെ
'ഒരു കുടുംബത്തിന്റെ താൽപര്യത്തിനുവേണ്ടി പാർട്ടിയെ തകർക്കാൻ അനുവദിക്കില്ല'
എഐഡിഎംകെ മുൻ ജനറൽ സെക്രട്ടറി വികെ ശശികല പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങൾ സജീവമാക്കുന്നതിനിടെ കടുത്ത നടപടിയുമായി നേതൃത്വം. ശശികലയുമായി സംസാരിക്കുന്നവരെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് ഇന്നു ചേർന്ന എഐഎഡിഎംകെ ഉന്നതതല യോഗത്തിൽ പ്രമേയം പാസാക്കി.
രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചയാളാണ് ശശികല. നിയമസഭാ തെരഞ്ഞെടുപ്പിൽ 75 സീറ്റ് നേടി എഐഎഡിഎംകെ സഖ്യം കാഴ്ചവച്ച മികച്ച പ്രകടനം കണ്ട് പാർട്ടിയുടെ നിയന്ത്രണം പിടിച്ചടക്കാൻ ശ്രമിക്കുകയാണ് അവർ. ഇതുവഴി രാഷ്ട്രീയരംഗത്ത് കൂടുതൽ ശ്രദ്ധനേടാനാണ് ശശികലയുടെ ശ്രമം. ഒരു കുടുംബത്തിന്റെ താൽപര്യത്തിനുവേണ്ടി പാർട്ടിയെ ഒരിക്കലും തകർക്കാൻ അനുവദിക്കില്ല-യോഗത്തിൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ സൂചിപ്പിച്ചു.
പാർട്ടിയുടെ നിയമസഭാ ഉപനേതാവിനെയും വിപ്പിനെയും തെരഞ്ഞെടുക്കാനായിരുന്നു ഇന്ന് എഐഎഡിഎംകെ ഉന്നതതല യോഗം ചേർന്നത്. തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി, മുന്‍ മുഖ്യമന്ത്രി ഒ പന്നീർശെൽവം അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു. പാര്‍ട്ടിയുടെ നിയമസഭാ ഉപനേതാവായി പന്നീര്‍ശെല്‍വത്തെയും പാര്‍ട്ടി വിപ്പായി മുന്‍ മന്ത്രികൂടിയായ എസ്പി വേലുമണിയെയും തെരഞ്ഞെടുത്തു.
പാർട്ടി പ്രവർത്തകരുമായി ശശികല നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിറകെയാണ് എഐഎഡിഎംകെ കടുത്ത നടപടികളിലേക്കു നീങ്ങുന്നതെന്നാണ് അറിയുന്നത്. പാർട്ടിയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്ന ശശികല നേതൃത്വത്തിലേക്ക് തിരിച്ചുവന്ന് വീണ്ടും സജീവരാഷ്ട്രീയത്തിലെത്തുമെന്നും സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, എഎംഎംകെ പ്രവർത്തകരുമായാണ് ശശികല സംസാരിക്കുന്നതെന്ന് നേരത്തെ എടപ്പാടി കെ പളനിസാമിയും കെപി മുനുസാമിയുമടക്കമുള്ള നേതാക്കൾ വിശദീകരിച്ചിരുന്നു. ഇതിനുശേഷവും ശശികലയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പ് പ്രചാരണം ശക്തമാക്കിയതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ പാർട്ടി നേതൃത്വം ഇപ്പോൾ നിർബന്ധിതരായിരിക്കുന്നത്.