'അസം പൗരത്വ പട്ടികയില്‍ ഗുരുതര ക്രമക്കേട്': എൻആർസിയുടെ പുതിയ കോർഡിനേറ്റർ സുപ്രീംകോടതിയില്‍
പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ മുസ്‍ലിംകളേക്കാൾ കൂടുതൽ ഹിന്ദുക്കളാണെന്ന് റിപ്പോ൪ട്ടുകളുണ്ടായിരുന്നു
അസമിലെ പൗരത്വ പട്ടിക പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വീണ്ടും ഹരജി. എൻആർസിയുടെ പുതിയ കോർഡിനേറ്റർ ഹിദേഷ് ദേവ് ശർമയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അന്തിമ പട്ടികയിൽ ഗുരുതര ക്രമക്കേടുണ്ടെന്നാണ് വാദം.
ഗുരുതര ക്രമക്കേടുകളുള്ളതിനാൽ അസം എൻആ൪സി പട്ടിക സമഗ്രമായി പുനര്‍നി൪ണയിക്കമെന്നാണ് ഹരജിയിലെ ആവശ്യം. അന്തിമ കരട് പട്ടികയിലും അനുബന്ധ പട്ടികയിലും ക്രമക്കേടുകളുണ്ട്. പട്ടികയിൽ പൗരത്വത്തിന് അ൪ഹരായ പലരും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അന൪ഹ൪ പലരും ഉൾപ്പെട്ടിട്ടുണ്ടെന്നും ഹരജിയിൽ ആരോപണമുണ്ട്. 2019 ഓഗസ്റ്റിൽ തയ്യാറാക്കിയ അന്തിമ കരട് പട്ടികയിൽ നിന്ന് 19 ലക്ഷം പേരെയാണ് പുറത്താക്കിയിരുന്നത്. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ മുസ്‍ലിംകളേക്കാൾ കൂടുതൽ ഹിന്ദുക്കളാണെന്ന് റിപ്പോ൪ട്ടുകളുണ്ടായിരുന്നു. പൗരത്വ പട്ടിക പുനര്‍നി൪ണയിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തുകയും ചെയ്തു.
1971ന് മുമ്പ് അഭയാ൪ഥികളായെത്തിയ പലരും പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശ൪മയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെറ്റില്ലാത്ത പൗരത്വ പട്ടിക തയ്യാറാക്കേണ്ടത് രാജ്യതാത്പര്യത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി പുതിയ കോഡിനേറ്റ൪ ഹിതേഷ് ദേവ് ശ൪മ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എൻആ൪സി മുൻ കോഡിനേറ്റ൪ പ്രതീക് ഹജേലയെ തത്ഥാനത്ത് നിന്ന് നീക്കുകയും നിരവധി കേസുകൾ എടുക്കുകയും ചെയ്തിരുന്നു.