മമതയും ബിജെപിയും ഏറ്റുമുട്ടിയപ്പോള്‍ ജനവിധി ആര്‍ക്കൊപ്പം? കേരളത്തോടൊപ്പം നാലിടങ്ങളിലെ വിധി ഇന്ന്

ബംഗാളിൽ മമതാ ബാനർജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിർണായക വിധിയാകും

Update: 2021-05-02 01:50 GMT
Advertising

കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍ അടക്കം നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും ഇന്ന്. തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തിലെത്തുമെന്നും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തുടര്‍ ഭരണം ലഭിക്കുമെന്നുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. അസമിലും പുതുച്ചേരിയിലും ബിജെപി അധികാരത്തിലെത്തുമെന്നും അഭിപ്രായ സർവേകള്‍ പ്രവചിക്കുന്നു‍.

പശ്ചിമ ബംഗാളിൽ മമതാ ബാനർജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിർണായക വിധിയാകും. റിപബ്ലിക് ടിവി-സിഎൻഎക്സ് ഒഴികെയുള്ള എക്സിറ്റ് പോൾ സർവേകളെല്ലാം തൃണമൂൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. 152 സീറ്റ് മുതൽ 176 സീറ്റ് വരെ തൃണമൂൽ കോൺഗ്രസ് നേടുമെന്നാണ് വിവിധ സർവേകൾ പ്രവചിക്കുന്നത്. ബംഗാളിൽ കേവല ഭൂരിപക്ഷം ലഭിക്കാൻ 147 സീറ്റുകളെങ്കിലും നേടണം.

തമിഴ്നാട്ടിൽ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ സഖ്യം അധികാരത്തിലേറുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 175 മുതൽ 195 വരെ സീറ്റുകൾ ഡിഎംകെക്ക് ലഭിച്ചേക്കാം. എഐഡിഎംകെ സഖ്യത്തിന് 38 മുതൽ 54 വരെ സീറ്റുകൾ ലഭിക്കും. ടിടിവി ദിനകരന്റെ എഎംഎംകെ ഒന്ന് മുതൽ ഏഴ് സീറ്റുകൾ വരെ നേടും. കമൽഹാസന്റെ മക്കൾ നീതി മയ്യം പരമാവധി രണ്ട് സീറ്റുകൾ നേടുമെന്നും സർവേകൾ പ്രവചിച്ചിക്കുന്നു.

അസമിലെ തെരഞ്ഞെടുപ്പ് വിധിയും ഏറെ നിർണായകമാണ്. അസമിൽ ബിജെപിക്കും കോൺഗ്രസിനും തുല്യ സാധ്യതയാണ് എക്സിറ്റ് പോൾ സ൪വേകൾ പ്രവചിക്കുന്നത്. പുതുച്ചേരിയിൽ നേരിയ ഭൂരിപക്ഷത്തിന് എൻഡിഎ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഏതായാലും ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി ഏതെങ്കിലും സംസ്ഥാനത്ത് ഉണ്ടായാൽ ഗവർണർ ശ്രദ്ധാകേന്ദ്രമാകും. രാഷ്ട്രീയ കുതിരക്കച്ചവടത്തിനും വേദിയൊരുങ്ങും.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News