ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് തടവ് ശിക്ഷ, പിഴ: കര്‍ശന നടപടിയുമായി ആസ്ത്രേലിയ

ഐ.പി.എല്ലില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് നേരത്തെ പ്രധാനമന്ത്രി മോറിസണ്‍ പറഞ്ഞിരുന്നു.

Update: 2021-04-30 14:35 GMT
Editor : Suhail | By : Web Desk
Advertising

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ആസ്‌ത്രേലിയ. യാത്രാവിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ തടവ് ശിക്ഷയുള്‍പ്പടെ നല്‍കാന്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.

ഇന്ത്യയില്‍ കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയുമായി ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇന്ത്യയില്‍ നിന്നുള്ള ഫ്‌ലൈറ്റുകള്‍ക്ക് മെയ് പതിനഞ്ച് വരെ ആസ്‌ത്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പുറമെയാണ് രാജ്യത്തെ ബയോസെക്യൂരിറ്റി നിയമപ്രകാരം മഹാമാരിയെ ചെറുക്കാന്‍ കടുത്ത നടപടിയെടുക്കാന്‍ സ്‌കോട്ട് മോറിസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

നിയമപ്രകാരം, രണ്ടാഴ്ച്ച ഇന്ത്യയില്‍ തങ്ങിയ ശേഷം നിയമം മറികടന്ന് ആസ്‌ത്രേലിയയില്‍ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവോ 66,000 ആസ്‌ത്രേലിയന്‍ ഡോളര്‍ പിഴയോ (ഏകദേശം 38 ലക്ഷം രൂപ) ലഭിക്കും. നേരിട്ടുള്ള വിമാനങ്ങള്‍ക്ക് പുറമെ, ഇന്ത്യയില്‍ നിന്ന് ദോഹ, സിംഗപൂര്‍, ക്വാല ലംപൂര്‍ എന്നിവടങ്ങളില്‍ നിന്നും ആസ്‌ത്രേലിയയിലേക്ക് വരുന്ന ഫ്‌ലൈറ്റുകള്‍ക്കും വിലക്കുണ്ട്.

നിലവില്‍ 9,000 ഓളം ആസ്‌ത്രേലിയക്കാര്‍ ഇന്ത്യയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന ആസ്‌ത്രേലിയന്‍ കളിക്കാരില്‍ ചിലര്‍ മത്സരം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ വിലക്കിന് മുന്‍പ് നാട്ടിലെത്താന്‍ ആന്‍ഡ്രൂ ടൈക്ക് മാത്രമേ സാധിച്ചുള്ളു.

ക്രിക്കറ്റര്‍മാരായ ആദം സാംബ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്ക് നാടണയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഐ.പി.എല്ലില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് നേരത്തെ പ്രധാനമന്ത്രി മോറിസണ്‍ പറഞ്ഞിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News