കോവിഡിൽ പ്രതിദിന സംഭാവന 22 കോടി,ഇതുവരെ 7,904 കോടി: അസിംഹാഷ്മി പ്രേംജിയെന്ന യഥാർത്ഥ ഹീറോ

കോവിഡ് മഹാമാരി ഇന്ത്യൻ ജനതയെ ഞെരിക്കുമ്പോൾ സഹായവുമായി എല്ലാവരെക്കാളും മുമ്പന്തിയിലുണ്ട് അസിം പ്രേംജി

Update: 2021-04-29 08:54 GMT
Editor : rishad | By : Web Desk
Advertising

പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ, വാര്‍ത്താതലക്കെട്ടുകളില്‍ ഇടം നേടാന്‍ ആഗ്രഹിക്കാതെ സമൂഹത്തിന്റെ നന്മക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന കോടീശ്വരന്മാരെ അധികമൊന്നും കാണാനാവില്ല. എന്നാല്‍ ഇതിനൊരു അപവാദമാണ് വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി. കോവിഡ് മഹാമാരി ഇന്ത്യൻ ജനതയെ ഞെരിക്കുമ്പോൾ സഹായവുമായി എല്ലാവരെക്കാളും മുമ്പന്തിയിലുണ്ട് അസിം പ്രേംജി.

ലോകത്തെ തന്നെ സമ്പന്നരില്‍ ഒരാളാണ് അസിം പ്രേംജി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി തന്റെ സമ്പത്തിന്റെയും ലാഭത്തിന്റെയുമൊക്കെ വലിയാരു ഭാഗം ചെലവഴിക്കുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്ന് അസിം പ്രേംജിയെ വ്യത്യസ്തനാകുന്നത്. ഇന്ത്യയിലെ സമ്പന്നരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഹുരുന്‍ ഇന്ത്യ ഫിലാന്ത്രോഫി പട്ടികയുടെ 2020ലെ കണക്കുകള്‍ പ്രകാരം കോവിഡ് കാലത്ത് 22 കോടിയാണ് ഒരോ ദിവസവും അദ്ദേഹം ചെലവഴിക്കുന്നത്. ഇതിനകം തന്റെ ഫൗണ്ടേഷനിലൂടെയും കമ്പനിയിലൂടെയും മറ്റുമായി 7,904 കോടിയാണ് അസിംപ്രേംജി സംഭാവന നല്‍കിയത്.

ഇത്രയും പണം ഇങ്ങനെയുള്ള പുണ്യപ്രവൃത്തികള്‍ക്ക് മറ്റൊരാളും നല്‍കിയിട്ടില്ലെന്ന് അറിയുമ്പോഴാണ് അസിം പ്രേംജിയുടെ മഹത്വം മനസിലാവുക. ഇദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളില്‍ എത്തുന്നില്ല എന്നതിലാണ് മറ്റൊരു കാര്യം. സമൂഹമാധ്യമങ്ങളിലൂടെ വരുന്ന ട്വീറ്റുകളും പോസ്റ്റുകളുമൊക്കെയാണ് അസിംപ്രേംജിയിലെ നന്മയെ പുറത്തറിയിക്കുന്നത്. അദ്ദേഹത്തിന്റെ ദാനശീലത്തെയും വിശാലതയേയും മനുഷ്യത്വത്തേയുമൊക്കെ വാഴ്ത്തുകയാണിന്ന് സോഷ്യല്‍ മീഡിയ. ഇതിന്റെ ഭാഗമായി അസിംപ്രേജി(#AzimPremji) എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്.  

ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പണം സംഭാവന ചെയ്ത ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയിലും പ്രേംജി നേരത്തെ ഇടംപിടിച്ചിരുന്നു. പട്ടികയില്‍ മൂന്നാമതായിരുന്നു ഈ മനുഷ്യസ്‌നേഹി. മഹാമാരിയുടെ തുടക്കകാലമായ ഏപ്രിലില്‍ തന്നെ അസിം പ്രേജി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1,125 കോടി രൂപ സംഭാവന ചെയ്തിരുന്നു. മെഡിക്കല്‍, സേവന മേഖലയ്ക്കും അവശ വിഭാഗങ്ങള്‍ക്കും വേണ്ടിയായിരുന്നു പണം വകയിരുത്തിയത്.

വിസ്മയിപ്പിക്കുന്ന ജീവിതം

ലാഭക്കൊതിയും ആര്‍ത്തിയും നിറഞ്ഞ കോര്‍പറേറ്റ് ലോകത്തെ ജീവിതങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് അസിം ഹാഷിം പ്രേംജി. 2001ല്‍ ഇദ്ദേഹം സ്ഥാപിച്ച അസിം പ്രേംജി ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ അതുല്യമായ സ്ഥാപനമാണ്. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട. ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ പോലും ഫൗണ്ടേഷന് സ്‌കൂളുകളുണ്ട്.



ഫൗണ്ടേഷന് വേണ്ടി ഈയിടെ 53,000 കോടി രൂപയാണ് അസിം പ്രേംജി സംഭാവനയായി നല്‍കിയത്. ഫൗണ്ടേഷന്റെ മൊത്തം ആസ്തി 1,45,000 കോടി വരും. വിപ്രോയില്‍ പ്രേംജിയുടെ പേരിലുള്ള 67 ശതമാനം ഓഹരിയും ഫൗണ്ടേഷനാണ്. 1945 ജൂലൈ 24ന് മുംബൈയിലെ മുസ്ലിം കുടുംബത്തിലാണ് ജനനം. ബര്‍മയിലെ അരി രാജാവായി അറിയപ്പെട്ടിരുന്ന മുഹമ്മദ് ഹാഷിം പ്രേംജിയുടെ മകനാണ്. വിഭജന വേളയില്‍ പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന ഹാഷിമിനെ പാകിസ്താനിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം ഇന്ത്യയില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

കിട്ടാനുണ്ട് ഭാരതരത്‌ന

രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന അര്‍ഹിക്കുന്ന ഒരാള്‍ ഇന്നുണ്ടെങ്കില്‍ അത് വിപ്രോ മേധാവി അസിം പ്രേംജി മാത്രമാണെന്ന് പ്രമുഖ മാദ്ധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമായിരുന്നു. കോവിഡ് 19 പ്രതിരോധത്തിനായി വിപ്രോ 1,125 കോടി രൂപ സംഭാവന ചെയ്ത ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത റിട്വീറ്റ് ചെയ്താണ് സാഗരിക തന്റെ അഭിപ്രായപ്രകടനം നടത്തിയത്.


അസിംപ്രേംജി-സാഗരിക ഘോഷ്‌

ഭാരതരത്‌ന അര്‍ഹിക്കുന്ന ഒരു ഇന്ത്യന്‍ പൗരന്‍ ഇന്നുണ്ടെങ്കില്‍ അത് അസിംപ്രേംജി മാത്രമാണ്. രാഷ്ട്രനിര്‍മാണത്തില്‍ കോര്‍പറേറ്റ് ദാനശീലം എത്രമാത്രം മഹത്തരമാണ് എന്ന് വ്യവസായ ലോകത്തെ ഈ നായകന്‍ വീണ്ടും വീണ്ടും കാണിക്കുന്നു. ഒരു യഥാര്‍ത്ഥ ഹീറോ' എന്നാണ് സാഗരിക പ്രേംജിയെ കുറിച്ച് കുറിച്ചത്. ഭാരതരത്‌ന ഫോര്‍ അസിം പ്രംജി എന്ന ഹാഷ്ടാഗോടെയായിരുന്നു ഇവര്‍ കുറിപ്പ് പങ്കുവച്ചത്.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News