കോവിഡ് കിടക്കകള്‍ കരിഞ്ചന്തയില്‍; തേജസ്വി സൂര്യയുടെ പി.എക്ക് പങ്കെന്ന് പോലീസ്

ആശുപത്രികൾ രോഗികളെകൊണ്ട് നിറഞ്ഞിരിക്കെ സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയ അഴിമതി പുറത്ത് കൊണ്ടുവന്നതിന് കോൺഗ്രസ് നേതാക്കളടക്കം ഇവരെ അഭിനന്ദിച്ചു

Update: 2021-05-09 11:30 GMT
Editor : ubaid | Byline : Web Desk
Advertising

സ്വകാര്യ ആശുപത്രിയിലെ കോവിഡ് കിടക്കകള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ കേസില്‍ ട്വിസ്റ്റ്. മുസ്‍ലിംകള്‍ക്കെതിരെ വിവാദ പരാമർശം നടത്തിയ ബെംഗളൂരു എംപി തേജസ്വി സൂര്യയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്കിടക്കകള്‍ മറിച്ചുവില്‍ക്കുന്ന ലോബിയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തല്‍. നിലവില്‍ കോവിഡ് വൈറസ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഇയാളെ കോവിഡ് മുക്തനായ ശേഷം ചോദ്യംചെയ്യും.

അതേസമയം നേരത്തെ വാർ റൂമിലെത്തി തേജസ്വിയും സംഘവും ചീത്ത പറഞ്ഞ 16 മുസ്‍ലിം ഉദ്യോഗസ്ഥരില്‍ ആര്‍ക്കും ക്രമക്കേടുമായി ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവില്ല.

കിടക്കകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് തേജസ്വി സൂര്യയും മറ്റ് രണ്ട് ബി.ജെ.പി.എംഎല്‍എമാരുമായിരുന്നു. ആശുപത്രികൾ രോഗികളെകൊണ്ട് നിറഞ്ഞിരിക്കെ സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയ അഴിമതി പുറത്ത് കൊണ്ടുവന്നതിന് കോൺഗ്രസ് നേതാക്കളടക്കം ഇവരെ അഭിനന്ദിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം കൊവിഡ് വാർറൂമിലെത്തി ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന മുസ്‍ലിം ഉദ്യോഗസ്ഥരുടെ പേരുകൾ മാത്രം വിളിച്ചുപറഞ്ഞ് കാര്യങ്ങളന്വേഷിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. 

ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമാണ് ബംഗളൂരു സൗത്ത് എം.പികൂടിയായ തേജസ്വി സൂര്യ കോവിഡ് വാര്‍ റൂമിലേക്ക് കയറിച്ചെന്നത്.

'ഏത് ഏജന്‍സിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? 'ജിഹാദികള്‍ക്ക്' ജോലി നല്‍കാന്‍ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്നും ഇയാള്‍ പറയുന്നുണ്ട്. കോവിഡ് വാര്‍ റൂമിലെ 'തീവ്രവാദികള്‍' എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള്‍ ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. കോവിഡ് വാർഡില്‍ മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 17 പേരാണ് മുസ്ലിങ്ങള്‍ ഉള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ തേജസ്വി സൂര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

ഇതോടെ അഴിമതി ആരോപണം മുസ്‍ലിം വിദ്വേഷത്തിനായി ഉപയോഗിക്കുന്നതായുളള വിമര്‍ശം ഉയര്‍ന്നു. തേജസ്വി സൂര്യയുടെ വിദ്വേഷ പ്രചാരണത്തിന് അടിയന്തരമായി വാക്സിന്‍ വേണമെന്ന് വിമർശിച്ചു. 

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News