കോവിഡ്: ഇന്ത്യക്ക് പത്ത് മില്യണ്‍ ഡോളറിന്‍റെ സഹായവുമായി കാനഡ

മഹാമാരിക്കെതിരെ പോരാടുന്ന സുഹൃത്തുക്കൾക്കായി നിലകൊള്ളണമെന്നാണ് തങ്ങളാ​ഗ്രഹിക്കുന്നതെന്ന് ട്രൂഡോ പറഞ്ഞു.

Update: 2021-04-28 12:32 GMT
Editor : Suhail | By : Web Desk
Advertising

ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കാനഡ. ഇന്ത്യക്ക് പത്ത് മില്യൺ ‍‍‍ഡോളറിന്റെ സഹായം നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു.

സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കാനേഡിയന്‍ വിദേശകാര്യ മന്ത്രി നേരിട്ട് ബന്ധപ്പെട്ടതായി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്ത് സഹായം ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചും ചർച്ചയുണ്ടായി.

മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസ് സജ്ജീകരണങ്ങളും കാന‍ഡ വാ​ഗ്ദാനം ചെയ്തവയിലുണ്ട്. മഹാമാരിക്കെതിരെ പോരാടുന്ന സുഹൃത്തുക്കൾക്കായി നിലകൊള്ളണമെന്നാണ് തങ്ങളാ​ഗ്രഹിക്കുന്നതെന്ന് ട്രൂഡോ പറഞ്ഞു. നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി സ്ഥിതി​ഗതികൾ വിലയിരുത്തിയതായി കനേഡിയൻ വിദേശകാര്യ മന്ത്രി മാർക് ​ഗാർനോ ട്വിറ്ററിൽ കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ 3.62 ലക്ഷം റെക്കോർഡ് കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3200 പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ രണ്ട് ലക്ഷം കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക, ബ്രസീൽ, മെക്സിക്കോ എന്നിവക്ക് ശേഷം കോവിഡ് മരണ നിരക്ക് രണ്ട് ലക്ഷം പിന്നിടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 2.01 ലക്ഷം കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News